പ്രസവത്തിനിടെ കുഞ്ഞ് രണ്ടായി മുറിഞ്ഞ സംഭവത്തിൽ നഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു

By Web TeamFirst Published Jan 12, 2019, 12:19 PM IST
Highlights

രാജസ്ഥാനിലെ ജയ്‌സാല്‍മർ ജില്ലയിലെ രാംഗഢിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണമായ സംഭവം. ആശുപത്രിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കുഞ്ഞിന്റെ അമ്മ ദീക്ഷ കന്‍വാറും പിതാവ് തിലോക് ഭാട്ടിയും രംഗത്തെത്തിരുന്നു.

ജയ്പൂർ: പ്രസവത്തിനിടെ കുഞ്ഞ് രണ്ടായി മുറിഞ്ഞ സംഭവത്തിൽ നഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമൃത് ലാൽ എന്ന നഴ്സാണ് അറസ്റ്റിലായത്. ഇയാളാണ് കുഞ്ഞിനെ പ്രസവത്തിനിടെ ശക്തമായി പുറത്തേക്ക് വലിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ സഹായിയായ ജൂജാഹർ സിംഗ് എന്ന നഴ്സ് ഒളിവിലാണ്. കൃത്യവിലോപം നടത്തിയെന്നാരോപിച്ച് ഇരുവരെയും നേരത്തെ ആശുപത്രിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

രാജസ്ഥാനിലെ ജയ്‌സാല്‍മർ ജില്ലയിലെ രാംഗഢിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണമായ സംഭവം. ആശുപത്രിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കുഞ്ഞിന്റെ അമ്മ ദീക്ഷ കന്‍വാറും പിതാവ് തിലോക് ഭാട്ടിയും രംഗത്തെത്തിരുന്നു. പ്രസവത്തിനിടെ നഴ്സ്, കുഞ്ഞിനെ പുറത്തെടുക്കാനായി ശക്തമായി വലിച്ചതോടെയാണ്  കുഞ്ഞ് രണ്ടായി മുറിഞ്ഞ് പകുതി ഭാഗം ഗർഭപാത്രത്തിൽ കുടുങ്ങിയത്.

പിഴവ് സംഭവിച്ചിട്ടും മറ്റാരെയും അറിയിക്കാതെ കുഞ്ഞിന്റെ പുറത്തു വന്ന ഭാ​ഗം മറയ്ക്കാനാണ് അമൃത് ലാൽ ശ്രമിച്ചത്. കൂടാതെ യുവതി പ്രസവിച്ചുവെന്നും ഭാര്യയുടെ നില ​ഗുരുതരമാണെന്നും  തിലോക് ഭാട്ടിയോട് അറിയിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം ദീക്ഷയെ ഉമൈദ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തു വരുന്നത്. ശേഷം കുഞ്ഞിന്റെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. അമൃത് ലാലിനും ജൂജാഹർ സിംഗിനുമെതിരെ കൊലപാതക കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.

അതേ സമയം കരളിന് സാരമായ തകരാര്‍ സംഭവിച്ചിരുന്നുവെന്നും കുട്ടിയുടെ കാല് ഒടിഞ്ഞിരുന്നെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. മൂന്ന് ഭാഗമായാണ് തനിക്ക് കുഞ്ഞിന്‍റെ മൃതദേഹം ലഭിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ അറിയിച്ചു.

click me!