രാമക്ഷേത്രം നിര്‍മിക്കാന്‍ സാവകാശം; തൊഴിലില്ലായ്മ പരിഹരിക്കണമെന്ന് ആര്‍എസ്എസ്

By Web TeamFirst Published Jan 18, 2019, 3:45 PM IST
Highlights

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അന്ത്യശാസനം നല്‍കിയ ആര്‍എസ്എസ് നിലപാട് മയപ്പെടുത്തുന്നു. രാമക്ഷേത്രം 2025ല്‍ നിര്‍മിച്ചാല്‍ മതിയെന്ന് ആര്‍എസ് എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞു. 2025ല്‍ രാമക്ഷേത്രം നിര്‍മിക്കുന്നതോടെ രാജ്യ വളര്‍ച്ചയുടെ വേഗം വര്‍ധിക്കും.

നാഗ്പൂര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അന്ത്യശാസനം നല്‍കിയ ആര്‍എസ്എസ് നിലപാട് മയപ്പെടുത്തുന്നു. രാമക്ഷേത്രം 2025ല്‍ നിര്‍മിച്ചാല്‍ മതിയെന്ന് ആര്‍എസ് എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞു. 2025ല്‍ രാമക്ഷേത്രം നിര്‍മിക്കുന്നതോടെ രാജ്യ വളര്‍ച്ചയുടെ വേഗം വര്‍ധിക്കും. 1952ല്‍ ഗുജറാത്തില്‍ സോമനാഥ് ക്ഷേത്രം നിര്‍മിച്ചതിന് സമാനമായിരിക്കും രാജ്യത്തിന്‍റെ അവസ്ഥ. അടുത്ത 150 വര്‍ഷം രാമക്ഷേത്രം രാജ്യത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ കുംബമേളയുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭയ്യാജി ജോഷി.

അയോധ്യ ക്ഷേത്രനിര്‍മാണത്തിന് സുപ്രിംകോടതി വിധി വരെ കാത്തിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു ഭാഗത്ത് ക്ഷേത്ര നിര്‍മാണം പ്രചാരണ വിഷയമാക്കുകയും ഔദ്യോഗികമായി നീക്കം നീട്ടിക്കൊണ്ടുപോവുകാനുമാണ് ബിജെപി നീക്കം. മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയുള്ള ആര്‍എസ്എസിന്‍റെ നിലപാട് മയപ്പെടുത്തലും ഇതിന്‍റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.

രാജ്യത്ത് യുദ്ധമില്ലാതെയും നിരവധി സൈനികര്‍ കൊല്ലപ്പെടുന്നതിലും തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവ പരിഹരിക്കപ്പെടാത്തതിലും ആര്‍എസ്എസ് കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ചു. രാമനില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും മാറ്റത്തിന് അധികം സമയമെടുക്കില്ലെന്നുമായിരുന്നു ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞത്.

അതേസമയം ക്ഷേത്രനിര്‍മാണ വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് തീവ്രഹിന്ദുത്വ വിഭാഗങ്ങള്‍ നിലപാടെടുക്കുമ്പോഴും സുപ്രിംകോടതി വിധിക്ക് കാത്തിരിക്കുമെന്നാണ് മോദി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം സുപ്രിംകോടതി വിധിക്ക് ശേഷം ഓര്‍ഡിനന്‍സ് ഇറക്കില്ലെന്ന് പറയാന്‍ മോദി തയ്യാറായിരുന്നില്ല.

click me!