വീണ്ടും വിധി, സ്റ്റേ: കെ എം ഷാജിയുടെ അയോഗ്യത ശരിവച്ച വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

By Web TeamFirst Published Dec 20, 2018, 3:54 PM IST
Highlights

കെ എം ഷാജി അയോഗ്യൻ തന്നെയെന്ന് കാണിച്ച് ഇന്ന് പുറപ്പെടുവിച്ച ഹർജിയും ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം സ്റ്റേ ചെയ്തു. നികേഷ് കുമാർ നൽകിയ ഹർജിയിലും വിധി പറഞ്ഞ് ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

കൊച്ചി: കെ എം ഷാജിയെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധി ശരിവച്ച് ഇന്ന് രാവിലെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഉച്ചയ്ക്ക് ശേഷം സ്റ്റേ ചെയ്തു. ഷാജിയെ അയോഗ്യനാക്കണമെന്ന് കാണിച്ചാണ് അഴീക്കോട് മണ്ഡലത്തിലെ സിപിഎം പ്രവർത്തകനായ ബാലൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജിയിലാണ് നേരത്തേയുള്ള വിധി ശരിവച്ച് ഹൈക്കോടതി വീണ്ടും വിധി പുറപ്പെടുവിച്ചത്. 

സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് ഈ വിധിയും ഹൈക്കോടതി സ്റ്റേ ചെയ്തത്. നേരത്തേ നികേഷ് കുമാർ നൽകിയ ഹർജിയിലും ആദ്യം വിധി പറഞ്ഞ് ഉച്ചയ്ക്ക് ശേഷം വിധി ഹൈക്കോടതി സ്റ്റേ ചെയ്ത് നൽകിയിരുന്നു. 

നവംബർ 9-നാണ് ഷാജിയെ അയോഗ്യനാക്കി ആദ്യം ഹൈക്കോടതി വിധി പറഞ്ഞത്. അഴീക്കോട് മണ്ഡലത്തിൽ വർഗീയപ്രചാരണം നടത്തിയെന്ന് കാണിച്ച് എം വി നികേഷ് കുമാർ നൽകിയ ഹർജിയിലാണ് ഷാജിയെ അയോഗ്യനാക്കിയത്. അടുത്ത ആറ് വർഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മത്സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

എന്നാൽ തനിയ്ക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടതുണ്ടെന്നും ആ കാലയളവിൽ അഴീക്കോട് മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്നും കാണിച്ച് ഷാജി നൽകിയ അപ്പീലിലാണ് വിധി അന്ന് ഹൈക്കോടതി സ്റ്റേ ചെയ്ത് നൽകിയത്. എംഎൽഎ പദവിയിൽ തുടരാമെന്നും എന്നാൽ ആനുകൂല്യങ്ങളൊന്നും കിട്ടില്ലെന്നും ഹൈക്കോടതി അന്ന് വ്യക്തമാക്കിയിരുന്നു. 

അതേസമയം, ആദ്യ ഹർജിയിലെ വാദത്തിനിടെ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് വളപട്ടണത്തെ മുൻ എസ്‌ ഐക്കെതിരെ കെ എം ഷാജി നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. അയോഗ്യത കല്‍പിക്കാൻ ഇടയായ വർഗീയ പരാമര്‍ശമുള്ള നോട്ടീസ് യു ഡി എഫ് കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തു എന്നായിരുന്നു എസ് ഐയുടെ മൊഴി. എന്നാൽ, ഈ ലഘുലേഖ പിറ്റേന്ന് സി പി എം പ്രവർത്തകൻ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നല്‍കിയതാണെന്ന് കാണിക്കുന്ന രേഖ സഹിതമാണ് ഷാജിയുടെ ഹർജി.

Read More: എന്തായിരുന്നു ഷാജിയെ അയോഗ്യനാക്കിയ ആ ലഘുലേഖ?

click me!