
ഹൈദരാബാദ്: രാജ്യത്ത് കൃതിമമാംസത്തിന്റെ ഉല്‍പാദനവും വിപണനവും വ്യാപകമാക്കി മാറ്റുമെന്ന് കേന്ദ്രമന്ത്രി മനേകാഗാന്ധി. അഹിംസാമാംസം(ക്ലിന്‍ മീറ്റ്) എന്നറിയപ്പെടുന്ന കൃതിമഇറച്ചി മൃഗങ്ങളുടെ കോശങ്ങള്‍ ശേഖരിച്ച് ലാബില്‍ എത്തിച്ച് പ്രത്യേക സാങ്കേതികവിദ്യയിലൂടെയാണ് ഉല്‍പാദിപ്പിക്കുന്നത്.
നിലവില്‍ ലോകത്തിന്റെ പലഭാഗത്തും കൃതിമാംസം ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കിലും ഇതിന് ചിലവേറെയാണ്. എന്നാല്‍ വന്‍തോതിലുള്ള ഉല്‍പാദനം നടത്താന്‍ അവസരമൊരുങ്ങിയാല്‍ കൃതിമമാംസം കുറഞ്ഞ വിലയില്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്ന് മാനേകാ ഗാന്ധി പറയുന്നു. മാംസത്തിന് വേണ്ടി മൃഗങ്ങളെ കൊല്ലേണ്ടതില്ലെന്നതാണ് കൃതിമമാംസത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും ഇതു നടപ്പിലാക്കുന്നതോടെ കോടിക്കണക്കിന് മൃഗങ്ങളെ അറവുശാലകളില്‍ നിന്നും രക്ഷിക്കാനാവുമെന്നും മനേകാ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഈ അടുത്തകാലത്ത് നടത്തിയ ഒരു സര്‍വേയില്‍ 66 ശതമാനം ആളുകളും കൃതിമമാംസം സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് പറഞ്ഞതെന്ന് മനേകാ ചൂണ്ടിക്കാട്ടുന്നു. നിരവധി കോര്‍പറേറ്റ് കമ്പനികള്‍ ഈ മേഖലയില്‍ നിക്ഷേപിക്കാന്‍ തയ്യാറാണ്. സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം പേര്‍ കൃതിമഇറച്ചി സ്ഥിരമായി വാങ്ങാനും, 53 ശതമാനം ആളുകള്‍ നിലവിലെ മാംസത്തിന് പകരം കൃതിമമാംസം വാങ്ങി പരീക്ഷിക്കാനുമുള്ള താത്പര്യം പ്രകടിപ്പിച്ചുവെന്നും മനേകാ പറയുന്നു.
മാംസ്യ-ഭക്ഷണ രംഗത്തിന്റെ ഭാവി എന്ന വിഷയത്തില്‍ ഹൈദരാബാദില്‍ നടന്ന ഒരു അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ ആണ് മനേകാ ഇക്കാര്യങ്ങള്‍ പറഞ്ഞത്. മനേകയുടെ നിലപാടുകളോടും നിരീക്ഷണങ്ങളോടും യോജിക്കുന്ന രീതിയിലാണ് സെമിനാറില്‍ പങ്കെടുത്ത വന്‍കിട കമ്പനി മേധാവികളും പ്രതിനിധികളും സംസാരിച്ചത്. അടുത്ത പത്ത് വര്‍ഷത്തില്‍ കൃതിമഇറച്ചിയുടെ വിപണിയില്‍ വന്‍വളര്‍ച്ചയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam