മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളെ പുറത്തെത്തിക്കാൻ വ്യോമസേനയും

By Web TeamFirst Published Dec 28, 2018, 5:16 PM IST
Highlights

21 ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്) പ്രവർത്തകരേയും 10 കുതിര ശക്തിയുള്ള പമ്പും വഹിച്ചാണ്  വ്യോമസേനയുടെ വ്യാമസേനയുടെ ലോക്ഹീഡ് മാര്‍ട്ടിന്‍ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് ഗുവഹാത്തിയിൽനിന്ന് മേഘാലയയിലേക്ക് തിരിച്ചത്. 

ദില്ലി: മേഘാലയയിലെ രണ്ടാഴ്ചയോളമായി കൽക്കരി ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമത്തില്‍ പങ്കാളിയാകാന്‍ ഇന്ത്യന്‍ വ്യോമസേനയും. 21 ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്) പ്രവർത്തകരേയും 10 കുതിര ശക്തിയുള്ള പമ്പും വഹിച്ചാണ് വ്യോമസേനയുടെ വ്യാമസേനയുടെ ലോക്ഹീഡ് മാര്‍ട്ടിന്‍ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് ഗുവഹാത്തിയിൽനിന്ന് മേഘാലയയിലേക്ക് തിരിച്ചത്. 

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആവശ്യപ്രകാരമാണ് വ്യോമസേന സ്ഥലത്തേക്ക് പുറപ്പെട്ടത്.  ശക്തികൂടിയ പമ്പുകള്‍ അടക്കമുള്ള ഉപകരണങ്ങളാണ് വ്യോമസേനയുടെ സഹായത്തോടെ ഗുവാഹത്തിയിലേക്ക് എത്തിക്കുക. അവിടെ നിന്ന് 213 കിലോമീറ്റര്‍ അകലെയാണ് തൊഴിലാളികള്‍ കുടുങ്ങിയ ഖനി സ്ഥിതി ചെയ്യുന്നത്. ഖനികളിലെ വെള്ളം വറ്റിച്ച് തൊഴിലാളികളെ പുറത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാൽ വെളളം പുറത്തേക്ക് കളയാന്‍ സഹായകമായ പമ്പുകൾ ഇല്ലാത്തത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ പമ്പിംഗ് നടന്നിട്ടില്ല.

ഡിസംബർ 13നാണ് മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ജില്ലയില്‍ 15 തൊഴിലാളികളാണ് ജോലിയ്ക്കിടെ എലിമടകള്‍ എന്നറിയപ്പെടുന്ന കർക്കരി ഖനിയിൽ കുടുങ്ങിയത്. ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ മരിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാനുള്ള ദേശീയദുരന്തനിവാരണസേനയുടെ നീക്കം.    

വ്യാഴാഴ്ച എന്‍ ഡി ആര്‍ എഫിലെ മുങ്ങൽ വിദ്ധഗ്ധർ നടത്തിയ പരിശോധനയിൽ ഖനിയിൽ കുടുങ്ങിയ തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകാമെന്ന റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. ഖനിക്കുള്ളിൽനിന്നും ദുർഗന്ധം വമിക്കുന്നതായി മുങ്ങൽ വിദഗ്ധർ അറിയിച്ചിരുന്നതായി എന്‍ ഡി ആര്‍ എഫ്  അസിസ്റ്റന്റ് കമാൻഡന്റ് സന്തോഷ് സിങ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചിരുന്നു. 
 

click me!