370 യാത്രക്കാരുമായി പോയ എയര്‍ ഇന്ത്യയ്ക്ക് യന്ത്ര തകരാറ്; ഉദ്യോഗജനകമായ രക്ഷപ്പെടല്‍

By Web TeamFirst Published Sep 18, 2018, 10:33 AM IST
Highlights

ഇന്ത്യയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോയ എയര്‍ ഇന്ത്യയുടെ ബോയിങ് 777-300 വിമാനത്തിന് യന്ത്രതകരാര്‍. 370  യാത്രക്കാരുണ്ടായിരുന്ന വിമാനം തലനാരിഴയ്ക്കാണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. എഐ 101 ദില്ലി-ജെഎഫ്കെ എന്ന വിമാനം പ്രതികൂല കാലാവസ്ഥയില്‍പ്പെട്ട് ലാന്‍ഡിങ്ങിന് സഹായിക്കുന്ന ഉപകരണങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. 


ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോയ എയര്‍ ഇന്ത്യയുടെ ബോയിങ് 777-300 വിമാനത്തിന് യന്ത്രതകരാര്‍. 370  യാത്രക്കാരുണ്ടായിരുന്ന വിമാനം തലനാരിഴയ്ക്കാണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. എഐ 101 ദില്ലി-ജെഎഫ്കെ എന്ന വിമാനം പ്രതികൂല കാലാവസ്ഥയില്‍പ്പെട്ട് ലാന്‍ഡിങ്ങിന് സഹായിക്കുന്ന ഉപകരണങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. 

തുടര്‍ന്ന് ഇറങ്ങാൻ സാധിക്കാതെ വിമാനം ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്നു.  അധികനേരം പറക്കാന്‍ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല വിമാനം. ഇന്ധനക്കുറവ് തന്നെയായിരുന്നു പ്രശ്നം. 

ക്യാപ്റ്റന്‍ റസ്റ്റം പാലിയയും സെക്കന്‍റ് ഇന്‍ കമാന്‍റ് സുശാന്ത് സിംഗുമാണ് വിമാനം പറത്തിയിരുന്നത്. ഡി എസ് ബാട്ടി, വികാസ് എന്നീ സഹപൈലറ്റുകള്‍ കൂടി ഇതേ സമയം വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിലെ ക്യാപ്റ്റന്‍ റസ്റ്റം പാലിയ ന്യൂയോര്‍ക്ക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു.  വിമാനം എത്ര ഉയരത്തിലാണെന്ന് കണക്കാക്കാന്‍ സഹായിക്കുന്ന ആള്‍ട്ടിമീറ്റര്‍ മാത്രമായിരുന്നു വിമാനത്തില്‍ പ്രവര്‍ത്തനക്ഷമമായിരുന്നത്.  

ഇതിനിടെ ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ തകരാറിലായി. തുടര്‍ന്ന് എയര്‍ട്രാഫിക് കണ്‍ട്രോളില്‍ നിന്ന്  കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ലാന്‍ഡിങ് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു.  നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൈലറ്റ് 400 അടി താഴ്ച്ചയിലേക്ക് വിമാനം താഴ്ത്തി. റണ്‍വേ വ്യക്തമായി കാണുന്നതിനായിരുന്നു. തുടര്‍ന്ന് ഓട്ടോമാറ്റിക്ക് യന്ത്ര സഹായങ്ങളൊന്നുമില്ലാതെ കൈ കൊണ്ട് പ്രവര്‍ത്തിക്കുന്ന മാന്വല്‍ സംവിധാനങ്ങളുപയോഗിച്ചാണ് പൈലറ്റ് വിമാനം റണ്‍വേയിലിറക്കിയത്. 

മേഘാവൃതമായ ആകാശത്ത് നിന്ന് റണ്‍വേ വ്യക്തമായി കാണുന്നതിനായി പൈലറ്റ് 400 അടിയിലേക്ക് വിമാനത്തെ താഴ്ത്തി. യന്ത്രസഹായങ്ങളൊന്നുമില്ലാതെ മനുഷ്യ സാധ്യമായ മാർഗങ്ങളും കണക്കുകൂട്ടലുകളുമുപയോഗിച്ചാണ് പൈലറ്റ് വിമാനം സുരക്ഷിതമായി ഇറക്കിയത്.

ജോണ്‍ എഫ് കെന്നഡി (ജെഎഫ്കെ) വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നെവാര്‍ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പൈലറ്റ് വിമാനം ഇറക്കിയത്. അതിസങ്കീര്‍ണമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന വിമാനങ്ങളിലൊന്നാണ് ബോയിങ് 777-300. 

എന്നാല്‍ ഈ സാങ്കേതിക വിദ്യകൾ ഒന്നും പ്രവർത്തനക്ഷമമായില്ല. മനസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ് ഇവര്‍ക്ക് 370 യാത്രക്കാരെ വലിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായിട്ടില്ല. സെപ്റ്റംബര്‍ 11 നാണ് സംഭവം നടന്നത്. 

 

click me!