ലക്ഷ്മി നായര്‍ക്കെതിരായ പരാതി പിന്‍വലിച്ച വിദ്യാര്‍ത്ഥിയെ പുറത്താക്കിയെന്ന് എ.ഐ.എസ്.എഫ്

By Web DeskFirst Published May 28, 2017, 1:13 PM IST
Highlights

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായര്‍ക്കെതിരായ പരാതി പിന്‍വലിച്ച വിദ്യാര്‍ത്ഥിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് എ.ഐ.എസ്.എഫ് അറിയിച്ചു. ലക്ഷ്മി നായര്‍ തന്നെ ജാതിപ്പേര് വിളിച്ചുവെന്ന് പരാതി നല്‍കുകയും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്ത വിവേകിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഇയാള്‍ ഇന്നതെ തന്നെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയാണ് വിവേകിനെതിരെ എ.ഐ.എസ്.എഫ് ഉന്നയിക്കുന്നത്.

ലക്ഷ്മി നായര്‍ക്കെതിരെ സ്വമേധയാ പരാതി പിന്‍വലിച്ചതാണെന്ന് വിശദീകരിച്ച് വിവേക് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെ ഇയാളെ വിമര്‍ശിച്ച് എ.ഐ.എസ്.എഫ് നേതൃത്വം രംഗത്തെത്തി. പാര്‍ട്ടി വിശദീകരണം ചോദിക്കുമെന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് താന്‍ പാര്‍ട്ടിയുടെ അറിവോടെയാണ് പരാതി പിന്‍വലിച്ചതെവന്ന ആരോപണവുമായി വിവേക് വീണ്ടും രംഗത്തെത്തിയത്. ഇതിന് സി.പി.ഐ നേതൃത്വത്തിന്റെ അറിവുണ്ടായിരുന്നു. എ.ഐ.എസ്.എഫിനേയും അറിയിച്ചു. കാനം രാജേന്ദ്രന്‍ ഏര്‍പ്പെടുത്തിക്കൊടുത്ത അഭിഭാഷകന്‍ മുഖേനയാണ് കേസ് പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യം നിഷേധിച്ച എ.ഐ.എസ്.എഫ് നേതൃത്വം വിവേകിനോട് വിശദീകരണം ചോദിച്ചു. തൊട്ടുപിന്നാലെ വിവേക് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഇതിന് ശേഷമാണ് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് വിവേകിനെ പുറത്താക്കിയിരിക്കുന്നത്.

click me!