
ആലപ്പുഴ: അച്ഛന് ഒരു വാണിങ് കൊടുക്കണമെന്ന് ആലപ്പുഴ നൂറനാട് രണ്ടാനമ്മയും അച്ഛനും ചേർന്ന് മർദിച്ച നാലാം ക്ലാസുകാരി. ഇനി ഇങ്ങനെ എന്നെ ചെയ്യരുതെന്നും കുഞ്ഞ് സിഡബ്ലിയുസിയ്ക്ക് നൽകിയ മൊഴിയിൽ പറയുന്നു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അതേസമയം പിതാവിനെയും രണ്ടാനമ്മയെയും ഇതുവരെ പോലീസിന് പിടികൂടാനായില്ല.
ആലപ്പുഴ നൂറനാട് നാലാം ക്ലാസുകാരിയായ പെൺകുട്ടി താൻ അനുഭവിക്കുന്ന വേദനകൾ തുറന്നു പറഞ്ഞത് കേരളം തലകുനിച്ചാണ് കേട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി എടുത്ത ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ ശിശുക്ഷേമ ഓഫീസറോടും, നൂറനാട് എസ്എച്ച്ഒയോടും റിപ്പോർട്ട് തേടി. ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. ആലപ്പുഴ സിഡബ്ലിയുസി ഓഫീസിൽ എത്തിയ പിതാവിന്റെ ഉമ്മയ്ക്ക് കുട്ടിയെ വളർത്താനുള്ള തത്കാലിക ചുമതല നൽകികൊണ്ടുള്ള ഉത്തരവ് കൈമാറി. കുഞ്ഞിന്റെ ആവശ്യപ്രകാരമാണ് തീരുമാനം.
ഇതിനിടെ നൂറനാട് വീടിന് സമീപം വെച്ച് കുട്ടിക്ക് നേരെ വീണ്ടും പിതാവിന്റെ ആക്രമണശ്രമമുണ്ടായി. പൊലീസ് എത്തും മുൻപ് ഇയാൾ സ്ഥലംവിട്ടു. പിതാവിനെയും രണ്ടാനമ്മയെയും ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല. കുട്ടിക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് ബാലാവകാശ കമ്മീഷനും അറിയിച്ചു. നിലവിൽ നാലാം ക്ലാസുകാരിയുടെ പിതാവിനെ ഒന്നാം പ്രതിയാക്കിയും രണ്ടാനമ്മയെ രണ്ടാം പ്രതിയാക്കിയുമാണ് പോലിസ് കേസെടുത്തത്. കുട്ടിയെ ചീത്ത വിളിച്ചതിനും മർദിക്കുന്നതിനും ബിഎൻസ് 296B, 115 എന്നി വകുപ്പുകളും ജെ ജെ ആക്ടിലെ 75 ആം വകുപ്പുമാണ് ഇവർക്കെതിരെ ചുമത്തിയത്.