പരീക്ഷ എഴുതിയത് 8000 പേര്‍; തോറ്റ് തൊപ്പിയിട്ടതും 8000 പേര്‍..!

By Web TeamFirst Published Aug 22, 2018, 3:13 PM IST
Highlights

ഗോവന്‍ സര്‍ക്കാര്‍ 80 അക്കൗണ്ടന്‍റ് പോസ്റ്റുകളിലേക്കുള്ള നിയമനത്തിന് വേണ്ടിയാണ് പരീക്ഷ നടത്തിയത്. ആകെ നൂറ് മാര്‍ക്കില്‍ 50 മാര്‍ക്ക് എങ്കിലും നേടുന്നവരായിരുന്നു അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക

പനാജി: മത്സര പരീക്ഷകളുടെ കാലത്ത് ഗോവന്‍ സര്‍ക്കാര്‍ നടത്തിയ ഒരു പരീക്ഷയുടെ ഫലം പുറത്ത് വന്നതാണ് ഇപ്പോള്‍ രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയം. സാധാരണഗതിയില്‍ പരീക്ഷയുടെ ഫലം വരുമ്പോള്‍ ആദ്യ റാങ്കുകള്‍ കിട്ടവരുടെ പേരുകള്‍ക്കായിരിക്കും പ്രാധാന്യം ലഭിക്കുക.

എന്നാല്‍, ഈ പരീക്ഷ എഴുതിയ 8000 പേര്‍ക്കും ഒരുപോലെ പ്രാധാന്യം ലഭിച്ചിരിക്കുകയാണ്. കാരണം വേറൊന്നുമല്ല, എഴുതിയ 8000 പേരും പരീക്ഷയില്‍ തോറ്റ് തുന്നംപാടി. ഗോവന്‍ സര്‍ക്കാര്‍ 80 അക്കൗണ്ടന്‍റ് പോസ്റ്റുകളിലേക്കുള്ള നിയമനത്തിന് വേണ്ടിയാണ് പരീക്ഷ നടത്തിയത്.

ആകെ നൂറ് മാര്‍ക്കില്‍ 50 മാര്‍ക്ക് എങ്കിലും നേടുന്നവരായിരുന്നു അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക. എന്നാല്‍, ഒരാള്‍ക്ക് പോലും പ്രാഥമിക ഘട്ടം കടക്കാനായില്ലെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ജനുവരി ഏഴിനാണ് പരീക്ഷ നടത്തിയത്. ഫലം ഇന്നലെ പുറത്തു വന്നു.

അഞ്ച് മണിക്കൂര്‍ നീണ്ട പരീക്ഷയില്‍ ഇംഗ്ലീഷ്, പൊതു വിജ്ഞാനം, അക്കൗണ്ടിംഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍. ആദ്യ ഘട്ടം വിജയിക്കുന്നവര്‍ക്ക് അഭിമുഖം കൂടെ നടത്തി ഒഴിവുള്ള പോസ്റ്റുകള്‍ നികത്തുകയായിരുന്നു ലക്ഷ്യം.

അത് നടക്കാതായതോടെ സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഫലം പ്രഖ്യാപിക്കാന്‍ ഇത്ര വെെകിയതില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഗോവന്‍ ജനറല്‍ സെക്രട്ടറി പ്രദീപ് പട്ഗനോക്കര്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നു. കൂടാതെ ഗോവയിലെ വിദ്യാഭ്യാസ രീതികളെപ്പറ്റിയും അദ്ദേഹം വിമര്‍ശിച്ചു. ഗോവന്‍ സര്‍വകലാശാലയ്ക്കും കോമേഴ്സ് കോളജുകള്‍ക്കും ഇത് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.  

click me!