
കോഴിക്കോട്: മിന്നല്‍ ബസ് വിവാദത്തിന് പിന്നാലെ കൈകുഞ്ഞുമായി യാത്രചെയ്ത കുടുംബത്തെ അര്‍ധരാത്രിയില്‍ സ്റ്റോപ്പില്‍ ഇറക്കിയില്ലെന്ന് കെഎസ്ആര്‍ടിസി സ്കാനിയ ബസ് ജീവനക്കാര്‍ക്ക് നേരെ ആരോപണം. മാനുഷിക പരിഗണനയുടെ പേരില്‍ മിന്നല്‍ ബസ് രാത്രിയില്‍ കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടിക്ക് നിര്‍ത്തിക്കൊടുക്കാഞ്ഞത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്ആര്‍ടിസി സ്കാനിയ ബസും വിവാദത്തില്‍ പെട്ടിരിക്കുന്നത്. കോഴിക്കോട് ഫറൂഖിലാണ് യാത്രക്കാരന്‍റെ ആവശ്യപ്രകാരം രാത്രി സ്റ്റോപ്പില്‍ നിര്‍ത്തിക്കൊടുക്കാത്തതിനെ കൈക്കുഞ്ഞുമായി ഭര്‍ത്താവും ഭാര്യയും വലഞ്ഞത്.
മിന്നല്‍ വിവാദം വലിയ ആരോപണങ്ങള്‍ക്ക് വഴിവച്ചതിനെതുടര്‍ന്ന് എല്ലാ സമയത്തും ചട്ടപ്രകാരം മാത്രം പ്രവര്‍ത്തിച്ചാല്‍ പോരെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ഹേമചന്ദ്രന്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ യാതൊരുവിധ മാനുഷിക പരിഗണനയും കെഎസ്ആര്‍ടിസി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല എന്നതിന്‍റെ തുടര്‍ച്ചയാണ് പുതിയ സംഭവം. എറണാകുളം വൈറ്റില സ്വദേശി അരുണ്‍ കെ. വാസുവും ഭാര്യ ലസിതയും രണ്ട് വയസ്സായ മകളുമാണ് നട്ടപ്പാതിരായ്ക്ക് കുടുക്കില്‍പ്പെട്ടത്. യൂണിവേഴ്‌സിറ്റിയില്‍ ഇറങ്ങേണ്ടിയിരുന്ന ഇവരെ അവിടെ ഇറക്കാന്‍ ബസ് ഡ്രൈവര്‍ തയ്യാറായില്ല.
കഴിഞ്ഞ 26 തിങ്കളാഴ്ച രാത്രിയാണ് സംഭവം. കെ.എസ്.ആര്‍.ടി.സി.യുടെ സ്‌കാനിയ ബസില്‍ മുന്‍കൂട്ടി ടിക്കറ്റെടുത്താണ് ഇവര്‍ കയറിയത്. യൂണിവേഴ്‌സിറ്റിയില്‍ നിര്‍ത്താമോയെന്ന് അരുണ്‍ ചോദിച്ചെങ്കിലും സ്റ്റോപ്പില്ലെന്ന മറുപടിയാണ് ഡ്രൈവര്‍ പറഞ്ഞത്. ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ ചിലര്‍ ബസ് നിര്‍ത്താന്‍ അവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ വഴങ്ങിയില്ല. ഒടുവില്‍ രണ്ട് കിലോമീറ്ററിനുശേഷം ഒഴിഞ്ഞ പ്രദേശത്ത് ബസ് നിര്‍ത്തിക്കൊടുത്തു. എന്നാല്‍ സുരക്ഷിതമല്ലാത്ത സ്ഥലമായതിനാല്‍ അവര്‍ കോഴിക്കോട്ട് ഇറങ്ങി.
സംഭവത്തില്‍ പരാതിനല്‍കാന്‍ കെഎസ്ആര്‍ടിസി സ്റ്റേഷന്‍മാസ്റ്ററെ കണ്ടപ്പോള്‍ അവഗണനയാണ് നേരിട്ടതെന്ന് അരുണ്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ സഹകരിക്കാതെ തിരിച്ചയക്കാനാണ് ശ്രമിച്ചത്. പരാതി വെള്ള പേപ്പറിലെഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. അര്‍ധരാത്രി കടകള്‍ തുറക്കാത്തതിനെ തുടര്‍ന്ന് പേപ്പര്‍ ലഭിച്ചില്ല. ആദ്യം പേപ്പര്‍ നല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ചു. യാത്രക്കാര്‍ ഇടപ്പെട്ടതിനെതുടര്‍ന്നാണ് ഒടുവില്‍ കടലാസ് നല്‍കിയതെന്ന് ആരുണ്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ മനുഷ്വത്യരഹിതമായ നടപടിക്കെതിരെ വകുപ്പ് മന്ത്രിക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് അരുണ്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam