'ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; ഇന്ത്യയെക്കുറിച്ച് എല്ലാവരും പേടിപ്പിച്ചു, പക്ഷേ സംഭവിച്ചത് മറ്റൊന്ന്'; അമേരിക്കൻ ദമ്പതികൾക്ക് പറയാനുള്ളത്!

Published : Jul 01, 2026, 03:25 PM IST
american couple video

Synopsis

ഇന്ത്യയിൽ ഇഷ്ടപ്പെട്ട അഞ്ച് കാര്യങ്ങൾ പങ്കുവെച്ച് അമേരിക്കൻ ദമ്പതികൾ. കുട്ടികളോടുള്ള സമീപനം, സാഹസികമായ ഡ്രൈവിംഗ്, ആഘോഷങ്ങൾ, ശക്തമായ സാമൂഹിക ബന്ധങ്ങൾ എന്നിവയെല്ലാം തങ്ങളുടെ ഹൃദയം കവർന്നതായി ഇവർ പറയുന്നു.

ദില്ലി: ഇന്ത്യയിൽ ഏറെ ആകർഷിച്ച അഞ്ച് കാര്യങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ് അമേരിക്കൻ ദമ്പതികൾ. സാം, കാരിസ് എന്നീ ദമ്പതികളാണ് ഇന്ത്യയിലെ യാത്രാനുഭവങ്ങളും ഇവിടുത്തെ സംസ്കാരത്തിൽ തങ്ങളെ ആകർഷിച്ച അഞ്ച് കാര്യങ്ങളും പങ്കുവെച്ചത്. മക്കൾക്കൊപ്പം ഇന്ത്യയിൽ യാത്ര നടത്തിയതിനെ കുറിച്ചാണ് ഇവർ പറയുന്നത്. 'ഇന്ത്യയിൽ ഞാൻ ഇഷ്ടപ്പെടുമെന്ന് ഒട്ടും വിചാരിക്കാത്ത 5 കാര്യങ്ങൾ' എന്ന തലക്കെട്ടോടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഇന്ത്യയിലെ ശക്തമായ സാമൂഹിക പശ്ചാത്തലം, ആഘോഷങ്ങൾ, കുട്ടികളോടുള്ള ആളുകളുടെ സമീപനം എന്നിവയെല്ലാം തങ്ങൾക്കും കുട്ടികൾക്കും ഏറെ പ്രിയപ്പെട്ടതാണെന്ന് ദമ്പതികൾ പറയുന്നു. കുട്ടികളോടുള്ള സ്നേഹം നിറഞ്ഞ പെരുമാറ്റം, സാഹസികത നിറഞ്ഞ ഡ്രൈവിംഗ്, മുൻകൂട്ടി അറിയിക്കാതെയുള്ള അയൽക്കാരുടെ സന്ദർശനം, വർണ്ണാഭമായ ആഘോഷങ്ങൾ എന്നിങ്ങനെ തങ്ങളുടെ ഹൃദയം തൊട്ട സാംസ്കാരിക വ്യത്യാസങ്ങൾ ഇവർ അക്കമിട്ട് നിരത്തുകയാണ്.

ഇന്ത്യയിലേക്ക് വരുന്നതിന് മുൻപ്, കുട്ടികളുമായി ഇവിടെ യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് പലരും തങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി ദമ്പതികൾ പറയുന്നു. എന്നാൽ യാഥാർത്ഥ്യം തികച്ചും വ്യത്യസ്തമായിരുന്നു. മറ്റെങ്ങും കിട്ടാത്ത രീതിയിലുള്ള പരിഗണനയും സ്വാതന്ത്ര്യവുമാണ് കുട്ടികൾക്ക് ഇവിടെ ലഭിക്കുന്നത്. പൊതുസ്ഥലങ്ങളിൽ ഒതുങ്ങി ജീവിക്കേണ്ട ചെറിയ മനുഷ്യരായിട്ടല്ല, മറിച്ച് ദൈവത്തിന്റെ വലിയൊരു അനുഗ്രഹമായിട്ടാണ് ഇവിടെയുള്ളവർ കുട്ടികളെ കാണുന്നതെന്ന് ദമ്പതികൾ വ്യക്തമാക്കി.

വിദേശികൾക്ക് ഇന്ത്യയിലെ ഡ്രൈവിംഗ് ഭയമുണർത്തുന്ന ഒന്നാണെങ്കിലും തനിക്ക് ഇവിടെ വണ്ടി ഓടിക്കാനാണ് ഇഷ്ടമെന്ന് സാം പറയുന്നു. കാരണം ഇവിടുത്തെ ഡ്രൈവിംഗ് എപ്പോഴും ഒരു സാഹസികതയാണ്, ഒരിക്കലും ബോറടിപ്പിക്കില്ല. പാശ്ചാത്യ രാജ്യങ്ങളിൽ മുൻകൂട്ടി അറിയിക്കാതെ മറ്റുള്ളവരുടെ വീടുകളിലേക്ക് പോകുന്നത് മോശം പെരുമാറ്റമായാണ് കണക്കാക്കുന്നത്. എന്നാൽ ഇന്ത്യയിലെ ശക്തമായ സൗഹൃദബന്ധങ്ങൾ കാരണം ഈ ശീലത്തെ തങ്ങൾ ഇപ്പോൾ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് ദമ്പതികൾ പറയുന്നു. ‘ഇവിടെ അയൽക്കാർ പെട്ടെന്നൊരു ദിവസം വീട്ടിലേക്ക് കയറിവരും, ഞാനത് ശരിക്കും ആസ്വദിക്കാൻ പഠിച്ചു. പരസ്പരമുള്ള കൂട്ടായ്മയ്ക്ക് ഇവർ വലിയ വിലയാണ് നൽകുന്നത്’- ദമ്പതികൾ കൂട്ടിച്ചേർത്തു.

ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും ഇന്ത്യക്കാർ ആഘോഷമാക്കാറുണ്ട്. ഇത് കുടുംബത്തോടും സുഹൃത്തുക്കൾക്കുമൊപ്പം നൃത്തം ചെയ്യാനും സന്തോഷം പങ്കിടാനും തങ്ങൾക്ക് അവസരമൊരുക്കുന്നതായി ദമ്പതികൾ പറയുന്നു.

ഇന്ത്യയിലെ മഴക്കാലത്തെയും തങ്ങൾ ഏറെ സ്നേഹിക്കുന്നുവെന്ന് ഇവർ പറയുന്നു. ‘ഋതുക്കൾക്കനുസരിച്ച് ജീവിതത്തിന്റെ വേഗത കുറയ്ക്കുന്ന ഒരു സംസ്കാരം അനുഭവിക്കാൻ കഴിഞ്ഞത് അതിശയകരമാണ്. ഞാനും ഇപ്പോൾ ജീവിതത്തെ ശാന്തമായി കാണാൻ പഠിച്ചു, അതിൽ ഞാൻ നന്ദിയുള്ളവളാണ്’ അവർ പറഞ്ഞു.

ദമ്പതികളുടെ ഈ നിരീക്ഷണങ്ങളോട് പൂർണ്ണമായി യോജിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിക്കുന്നത്. ‘ഇത് തികച്ചും മനോഹരമായ ഒരു കുറിപ്പാണ്, നിങ്ങൾ ഈ രാജ്യം നന്നായി ആസ്വദിക്കുന്നുണ്ടെന്ന് കരുതുന്നു,’ എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, ‘ഈ പറഞ്ഞ കാര്യങ്ങളോട് പൂർണ്ണമായി യോജിക്കുന്നു, ഇവിടെ ഒരു ദിവസം പോലും ബോറടിപ്പിക്കില്ല,’ എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. ‘നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നു. ഇന്ത്യയിൽ ഒരു കുട്ടിയായിരിക്കുക എന്നത് ഒരു അനുഗ്രഹമാണ്. ഉത്സവങ്ങളും മഴക്കാലവും ഒത്തുചേരുമ്പോൾ കുട്ടികൾക്ക് പുറത്തിറങ്ങി നനയാൻ വേറെ കാരണം വേണ്ടല്ലോ. കാരണം മറ്റെല്ലാ കുട്ടികളും മനപ്പൂർവ്വം മഴ നനയാൻ ആഗ്രഹിക്കുന്നവരാണ് ഇവിടെ,’ എന്നായിരുന്നു മൂന്നാമതൊരു വ്യക്തിയുടെ പ്രതികരണം.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിസിടിവി നോക്കിയപ്പോൾ പാതിരാത്രി കടയിൽ കയറിയത് 'മോദി', മുഖംമൂടി ധരിച്ച് കവർന്നത് ഡസൻകണക്കിന് സ്മാർട്ട്‌ഫോണുകൾ; അന്വേഷണം തുടരുന്നു
ആ ക്യാമറകളെല്ലാം വെറുതേയായി! എഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചു; പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താനാകില്ല; കുടിശ്ശിക കാരണം ഇന്‍റർനെറ്റ് കട്ടാക്കി ജിയോ