ലൗ ജിഹാദിയെന്ന് വിളിച്ച് പാലക്കാട്ട് ആര്‍ച്ചറി അസോസിയേഷന്‍ ജില്ലാ സെക്രട്ടറിക്ക് ക്രൂരമര്‍ദ്ദനം

By Web TeamFirst Published Aug 7, 2018, 4:56 PM IST
Highlights

'നീ ലൗ ജിഹാദിയല്ലേ' എന്ന് ചോദിച്ച് തലയ്ക്ക് അടിച്ചു. പേര്  കേട്ടതോടെ കൂടുതല്‍ പേരെ വിളിച്ചു വരുത്തി. പതിനഞ്ചോളം വരുന്ന ആള്‍ക്കൂട്ടമാണ്  പറയുന്നതൊന്നും കേള്‍ക്കാതെ പിന്നെ മര്‍ദ്ദിച്ചത്.  

പാലക്കാട്: പുത്തൂരില്‍ യുവാവിനെതിരെ ആര്‍എസ്എസ് ആക്രമണം. പാലക്കാട് ദ്രോണ അക്കാദമിയിലെ ആര്‍ച്ചറി ട്രെയിനറും ആര്‍ച്ചറി അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായ ഏറക്കാട് മുനീറിനെയാണ് (27) പുത്തൂരില്‍ പതിനഞ്ചോളം വരുന്ന അക്രമി സംഘം മര്‍ദ്ദിച്ചത്. പേര് മുനീര്‍ ആണെന്ന് പറഞ്ഞപ്പോള്‍ ലൗ ജിഹാദി ആണെന്നും തങ്ങളുടെ പ്രദേശത്ത് കാല്‍കുത്തരുതെന്നും പറഞ്ഞായിരുന്നു ആക്രമണം. ഞായറാഴ്ച വൈകിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ മുനീറിന് മര്‍ദ്ദനമേറ്റത്. ചെവിക്ക് സാരമായി പരിക്കേറ്റ മുനീര്‍ പാലക്കാട് സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. കോട്ടേക്കാട് എന്ന സ്ഥലത്ത് സ്വാതന്ത്ര്യദിന പരിപാടികളുടെ ചര്‍ച്ചയ്ക്കുപോയി മടങ്ങുകയായിരുന്നു മുനീര്‍. സംഭവത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

''എന്റെ വിദ്യാര്‍ത്ഥിയുടെ അച്ഛന് സുഖമില്ലാതിരിക്കുന്നതിനാല്‍  കാണാന്‍ ചെല്ലുമെന്ന് പറഞ്ഞിരുന്നു. അവരുടെ വീട്ടിനടുത്ത് എത്തിയപ്പോള്‍ നേരം വൈകി. വരാന്‍ സാധിക്കില്ല എന്ന് പറയാന്‍ വേണ്ടി ബൈക്ക് അവരുടെ അപ്പാര്‍ട്‌മെന്റിനു മുന്നില്‍ നിര്‍ത്തി ഫോണ്‍ ചെയ്യുന്നതിനിടയിലാണ് സംഭവമെന്ന് മുനീര്‍ പറഞ്ഞു. ബൈക്കിലെത്തിയ നാലുപേര്‍ എന്താണ് ഇവിടെ നില്‍ക്കരുതെന്ന് ചോദ്യം ചെയ്യുകയായിരുന്നു. കാര്യം പറഞ്ഞപ്പോള്‍ മര്‍ദ്ദനമാരംഭിച്ചു. ഇവര്‍ നന്നായി മദ്യപിച്ചിരുന്നതായും മുനീര്‍ പറയുന്നു. മുനീറിന്റെ വിദ്യാര്‍ത്ഥിയുടെ കുടുംബം മര്‍ദ്ദിക്കരുതെന്ന് ആവശ്യപ്പെട്ടു തടയാന്‍ ശ്രമിച്ചുവെങ്കിലും കുടുംബത്തെ അക്രമികള്‍ ആക്ഷേപിച്ചു. 

''പാലക്കാട് തൃത്താലയിലാണ് എന്റെ വീട്. പുത്തൂര് എന്റെ വിദ്യാര്‍ത്ഥിയുടെ വീടിന് മുന്നില്‍ നിന്ന് ഫോണില്‍ വിളിച്ച് സംസാരിക്കുന്നതിനിടയിലാണ് നാലുപേര്‍ വന്ന് ചോദ്യം ചെയ്തത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എന്നാണ് സംഘം പരിചയപ്പെടുത്തിയത്. കാര്യം പറഞ്ഞിട്ടും അവരെന്നെ ചീത്തവിളിക്കുകയും തല്ലുകയും ചെയ്തു. മുനീര്‍ എന്ന് പേര് പറഞ്ഞതോടെയാണ് നീ ലൗ ജിഹാദി ആണെന്ന ആരോപണം ഉന്നയിച്ചത്. അതോടെയാണ് സംഘം കൂടുതല്‍ ഉപദ്രവിച്ചത്. 'നീ ലൗ ജിഹാദിയല്ലേ' എന്ന് ചോദിച്ച് തലയ്ക്ക് അടിച്ചു. പേര്  കേട്ടതോടെ കൂടുതല്‍ പേരെ വിളിച്ചു വരുത്തി. പതിനഞ്ചോളം വരുന്ന ആള്‍ക്കൂട്ടമാണ്  പറയുന്നതൊന്നും കേള്‍ക്കാതെ പിന്നെ മര്‍ദ്ദിച്ചത്.  അതിനിടയില്‍ അങ്ങോട്ടുമിങ്ങോട്ടും ഒരുപാട് നടത്തിച്ചു. ഞാനും ഈ നാട്ടുകാരനാണ്. ഇവിടെ കുട്ടികള്‍ക്ക് ആര്‍ച്ചറി പരിശീലനം നല്‍കുകയാണ്. എന്നെ നന്നായി അറിയുന്ന നാട്ടുകാര്‍ തന്നെ, എന്റെ പേര് കേള്‍ക്കുമ്പോഴേക്കും ലവ് ജിഹാദി എന്നൊക്കെ വിളിക്കുന്നതും സ്വന്തം നാട്ടില്‍ കാല്‍കുത്തരുതെന്ന് ഭീഷണിപ്പെടുത്തുന്നതുമൊക്കെ പേടിപ്പിക്കുന്ന അവസ്ഥയാണ്. കേരളത്തില്‍ ഇങ്ങനെയൊക്കെ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല'' സംഭവത്തെക്കുറിച്ച് മുനീര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

മുനീറിനെ മര്‍ദ്ദിക്കുന്നത് കണ്ട്  വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളാണ് മറ്റൊരു സുഹൃത്തിനെ വിളിച്ചു വരുത്തിയത്. ഇതിനിടയില്‍ അക്രമി സംഘം മൊബൈല്‍ ഫോണ്‍ വാങ്ങി വെക്കുകയും കയ്യിലുണ്ടായിരുന്ന പണം തട്ടിപ്പറിക്കുകയും ചെയ്തതായി മുനീര്‍ പറയുന്നു. അക്രമി സംഘത്തിലെ മിക്കവരും മദ്യലഹരിയിലായിരുന്നു. അതിനാല്‍ അവരോട് പുറത്തിറങ്ങി സംസാരിക്കാന്‍ തൊട്ടടുത്ത വീടുകളിലുള്ളവര്‍ തയ്യാറായില്ല. പൊലീസെത്തിയ ശേഷം കണ്ടാലറിയാവുന്ന നാലുപേരെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തില്‍ മുനീര്‍ പൊലീസില്‍ പരാതി നല്‍കി. 

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നാണ് പാലക്കാട് നോര്‍ത്ത് പൊലീസ് സ്‌റ്റേഷന്‍ എസ് ഐ പ്രതികരിച്ചത്.

click me!