ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ഡോ. ലളിതാംബിക പറഞ്ഞു. ഉഷയ്ക്ക് മുമ്പും ശസ്ത്രക്രിയ നടന്നിട്ടുണ്ട്. ഉപകരണം കുടുങ്ങിയത് അവിടെ നിന്നാകാമല്ലോ. താൻ ആരിൽ നിന്നും ശസ്ത്രക്രിയയ്ക്ക് പണം വാങ്ങാറില്ലെന്നും ഡോ. ലളിതാംബിക

ആലപ്പുഴ: വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ഡോ. ലളിതാംബിക. ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ഡോ. ലളിതാംബിക പറഞ്ഞു. ഉഷയ്ക്ക് മുമ്പും ശസ്ത്രക്രിയ നടന്നിട്ടുണ്ട്. ഉപകരണം കുടുങ്ങിയത് അവിടെ നിന്നാകാമല്ലോ. താൻ ആരിൽ നിന്നും ശസ്ത്രക്രിയയ്ക്ക് പണം വാങ്ങാറില്ല. സിസ്റ്റത്തിൻ്റെ വീഴ്ചയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും ഡോ. ലളിതാംബിക മാധ്യമങ്ങളോട് പ്രതികരിച്ചു.

വണ്ടാനത്തെ സർജറിയിൽ നിന്നാണോ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് എന്ന് അറിയില്ല. പരിശോധന നടത്തിയാലേ അറിയൂ. ഇരുപതു വർഷം മുൻപ് നടന്ന സർജറിയിൽ കുടുങ്ങിയത് ആകാമെന്നും ഡോക്ടർ ലളിതാംബിക പറഞ്ഞു. 

5 വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജില്‍ ഇവർ ശസ്ത്രക്രിയക്ക് വിധേയമായത്. ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന അനുഭവപ്പെടുകയായിരുന്നു. വർഷങ്ങളായി വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. പിന്നീട് കഴിഞ്ഞ ബുധനാഴ്ച എക്സറെ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. സംഭവത്തില്‍ പരാതി നല്‍കുമെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്.

വേദന കാരണം വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് മടക്കി അയച്ചിരുന്നു എന്നാണ് ഇവർ പറയുന്നത്. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്. വയറ്റില്‍ കത്രിക കണ്ടെത്തിയതിന് പിന്നാലെ തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്ത് കത്രിക പുറത്തെടുക്കാമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വണ്ടാനത്തേക്ക് ശസ്ത്രക്രിയയ്ക്ക് പോകാൻ ഭയമെന്നാണ് ചികിത്സാപിഴവിന് ഇരയായ ഉഷ പറയുന്നത്. അതിനിടെ, ഉഷയുടെ അവസ്ഥ പുറത്ത് വന്നതോടെ കെസി വേണുഗോപാൽ എംപി ഇടപെടുകയും ഉഷയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 

YouTube video player