
അഹമദാബാദ്: ഗുജറാത്തിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ വ്യാപക ആക്രമണം. സബർകന്ത ജില്ലയിൽ കഴിഞ്ഞാഴ്ച 14 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത കേസിൽ ബീഹാർ സ്വദേശി അറസ്റ്റിലായതിനെ തുടർന്നാണ് ആക്രമണം അഴിച്ചുവിട്ടത്. ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമുളള കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെയാണ് പ്രധാനമായും അക്രമം നടക്കുന്നത്.
സംഭവത്തിൽ അഞ്ച് ജില്ലകളില്‍ നിന്നായി 180ഓളം പേരെ വെള്ളിയാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗർ, മെഹ്സാന, സബർകന്ത, പത്താൻ, അഹമ്മദാബാദ് ജില്ലകളിലാണ് പ്രധാനമായും ആക്രമണങ്ങളുണ്ടായത്. സംസ്ഥാനത്തെ ഫാക്ടറികളിൽ ജോലി ചെയ്യുന്നവർ, കച്ചവടം നടത്തുന്നവർ എന്നിവരെയാണ് പ്രതിഷേധക്കാർ പ്രധാനമായും ഉന്നം വയ്ക്കുന്നത്. ബുധനാഴ്ച്ചവരെ തുടർന്ന ആക്രമണത്തിൽ നിരവധി ഇതര സംസ്ഥാന തൊഴിലാളകൾ ഗുജറാത്ത് വിട്ടതായി റിപ്പോർട്ടുകളുണ്ട്.
സെപ്റ്റംബർ 28ന് സബർകന്ത ജില്ലയിലെ ഹമ്മത് നഗറിൽ ഠാകുർ സമുദായാംഗമായ കുഞ്ഞിനെ ബലാത്സംഗത്തിനിരയാക്കിയത്. കേസിൽ സെറാമിക് കമ്പനിയിൽ ജോലി ചെയ്യുന്ന ബിഹാർകാരനായ രവീന്ദ്രസാഹുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇതര സംസ്ഥാനക്കാരെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷവാർത്തകൾ പ്രചരിക്കുകയും ആക്രമണങ്ങൾ നടത്തുന്നതിന് ആഹ്വാനം ചെയ്യുകയുമായിരുന്നു. വാദ്നഗറിൽ ജനക്കൂട്ടം ഫാക്ടറി അഗ്നിക്കിരയാക്കി. സംസ്ഥാനത്ത് ആക്രമണം അഴിച്ചുവിട്ട ഠാകുർ സമുദായത്തിലുള്ളവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവുമെന്ന് പൊലീസ് ഡയറക്ടർ ജനറൽ ശിവാനന്ദ് ഝാ പറഞ്ഞു.
സംഭവത്തിൽ ഠാക്കൂർ സേന നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ അല്‍പേഷ് ഠാക്കൂര്‍ രംഗത്തെത്തി. അറസ്റ്റ് ചെയ്യപ്പെട്ടവർ നിരപരാധികളാണെന്നും അവരെ 72 മണിക്കൂറിനുള്ളിൽ വിട്ടയക്കണമെന്നും അല്‍പേഷ് പറഞ്ഞു. കൂടാതെ ആറ് ജില്ലകളിൽനിന്നായി 500ഒാളം പേർക്കെതിരെ കേസ് നൽകുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam