
ദില്ലി: നാളെ പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം തുടങ്ങാനിരിക്കെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർക്കുന്ന എൻഡിഎ സഖ്യകക്ഷികളുടെ യോഗത്തിൽ ബിഹാറിൽ നിന്നുള്ള ആർഎൽഎസ്പി പങ്കെടുക്കില്ല. എൻഡിഎ സഖ്യം ആർഎൽഎസ്പി ഉപേക്ഷിച്ചു. നിലിവൽ നരേന്ദ്രമോദി സർക്കാരിൽ മാനവവിഭവശേഷി വകുപ്പിന്‍റെ സഹമന്ത്രിയായ പാർട്ടി അധ്യക്ഷൻ ഉപേന്ദ്ര കുശ്‍വാഹ മന്ത്രിസ്ഥാനം രാജിവച്ചു.
എന്നാൽ എൻഡിഎ വിടാനുള്ള കുശ്‍വാഹയുടെ തീരുമാനത്തിൽ പാർട്ടിയിൽ ആഭ്യന്തരകലഹം പുകയുകയാണെന്നാണ് സൂചന.
ആർഎൽഎസ്‍പിയുടെ വിമത എംപി അരുൺ കുമാർ ഉൾപ്പടെയുള്ള രണ്ട് എംപിമാർക്ക് കുശ്‍വാഹ എൻഡിഎ വിടുന്നതിനോട് യോജിപ്പില്ല. വിമത എംപി എൻഡിഎയ്ക്കുള്ള തന്‍റെ പിന്തുണ പിൻവലിയ്ക്കില്ലെന്ന് ഉറപ്പിച്ച് പറയുന്നു.
2019 ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വീതം വയ്ക്കലിൽ അതൃപ്തിയുമായാണ് കുശ്‍വാഹ മുന്നണി വിടുന്നത്. നിതീഷ് കുമാറിന്
ബിഹാറിൽ എൻഡിഎ നൽകുന്ന പ്രാധാന്യം മുന്നണിയിലെ കക്ഷിയായിട്ട് പോലും ആർഎൽഎസ്‍പിയ്ക്ക് കിട്ടാത്തതിൽ കുശ്‍വാഹയ്ക്ക് കടുത്ത അമർഷമുണ്ട്. ഈ സാഹചര്യത്തിലാണ് കയ്യിലുള്ള കേന്ദ്രമന്ത്രിസ്ഥാനം വരെ വലിച്ചെറിഞ്ഞ് ഉപേന്ദ്രകുശ്‍വാഹ ഇറങ്ങിപ്പോകുന്നത്.
ഇന്ന് വൈകിട്ട് ദില്ലിയിൽ ചേരുന്ന വിശാലപ്രതിപക്ഷപാർട്ടികളുടെ യോഗത്തിൽ കുശ്‍വാഹ പങ്കെടുത്തേയ്ക്കുമെന്നാണ് സൂചന.
ലോക് സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിയ്ക്കെയാണ് ബിജെപിയ്ക്ക് കനത്ത തിരിച്ചടിയുമായി സഖ്യകക്ഷി മുന്നണി വിടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam