
ജബല്‍പൂര്‍: തെരഞ്ഞെടുപ്പ് പ്രമാണിച്ച് കോണ്‍ഗ്രസ് നടത്തിയ റോഡ് ഷോയ്ക്കിടെ ബലുണുകള്‍ക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. അപകടത്തില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലാണ് സംഭവം. ഉടന്‍ തന്നെ പ്രത്യേക സുരക്ഷാസേന സംഭവസ്ഥലത്തത്തി ജനങ്ങളെ മാറ്റി സുരക്ഷ ഒരുക്കുകയും ചെയ്തു.
രാഹുൽ ഗാന്ധി നാട്ടുകാരെ അഭിസംബോധന ചെയ്തുകൊണ്ട് തുറന്ന വാഹനത്തിൽ സഞ്ചരിക്കവെയാണ് ബലൂണിൽ തീ പിടിച്ചത്. രാഹുല്‍ ഗാന്ധിയെ ആരതി ഉഴിഞ്ഞ് സ്വീകരിക്കാൻ തയ്യാറാക്കി വെച്ചിരുന്ന തട്ടിൽ നിന്ന് ബലൂണിൽ തീ പടരുകയായിരുന്നു. തീ പിടിച്ച ബലൂൺ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ആളിക്കത്തുകയുമായിരുന്നു. പെട്ടിത്തെറി ഉണ്ടായ സ്ഥലവും രാഹുലിന്റെ വാഹനവും തമ്മിൽ രണ്ട് മുന്നടി അകലം മാത്രമേ ഉണ്ടായിരുന്നുള്ളു. എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഷോയാണ് രാഹുൽ ഗാന്ധി ജബൽപൂരിൽ നടത്തിയത്.
നർമ്മദ നദീ തീരത്തു നിന്നും ആരംഭിച്ച റോഡ് ഷോ ജബല്‍പൂര്‍ വെസ്റ്റ്, ജബല്‍പൂര്‍ നോര്‍ത്ത് സെന്‍ട്രല്‍, ജബല്‍പൂര്‍ ഈസ്റ്റ് എന്നീ നിയോജക മണ്ഡലങ്ങൾ വഴിയാണ് കടന്നു പോയത്. മധ്യപ്രദേശിലെ കോൺഗ്രസ് മുതിര്‍ന്ന നേതാക്കളായ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും രാഹുലിനെ അനുഗമിച്ചിരുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി യുവാക്കള്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റോഡ് ഷോയ്ക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് രാഹുൽ പറഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് നഗരത്തിന്റെ പ്രധാന വീഥികളിലൂടെ അദ്ദേഹത്തെ അനുഗമിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam