കാശ്മീരിലെ തീവ്രവാദികള്‍ക്ക് മുന്നില്‍ മകന് വേണ്ടി കൈകൂപ്പി അമ്മ

By Web TeamFirst Published Sep 22, 2018, 11:48 AM IST
Highlights

''അവന്‍ ഞങ്ങള്‍ക്ക് ഒറ്റമകനാണ്, അവനെ വെറുതെ വിടൂ...'' ഭീകരരോട് കേണപേക്ഷിച്ച് നിസാറിന്‍റെ മാതാവ്

കാശ്മീര്‍: കാശ്മീരിലെ ഷോപ്പിയാനില്‍നിന്ന് മൂന്ന് പൊലീസുകാരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുന്നതിന് മുമ്പ് തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവനുവേണ്ടി കുടുംബം തീവ്രവാദികളോട് കേണപേക്ഷിച്ചിരുന്നു. എന്നാല്‍ ആ കണ്ണീര്‍ ആരും കണ്ടില്ല. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ ഷോപ്പിയാനിലെ കപ്രാന്‍ ഗ്രാമത്തില്‍നിന്ന് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. 

ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ വീഡിയോ സന്ദേശം ഇറങ്ങി ദിവസങ്ങള്‍ക്ക് ഉള്ളിലാണ് കൊലപാതകങ്ങള്‍ നടന്നത്. പൊലീസ്, സൈന്യം അടക്കമുള്ള ഇന്ത്യന്‍ സുരക്ഷാ ജോലികളില്‍ തുടരുന്ന കാശ്മീര്‍ സ്വദേശികള്‍ നാല് ദിവസത്തിനകം രാജി വയ്ക്കണമെന്ന സന്ദേശം ഹിസ്ബുള്‍ പുറത്തുവിട്ടിരുന്നു. അല്ലാത്ത പക്ഷം കൊല്ലുമെന്നും വീഡിയോയില്‍ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് രാജിവയ്ക്കാത്തവരെ തിരഞ്ഞ് കണ്ടുപിടിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട കോണ്‍സ്റ്റബിള്‍ നിസാര്‍ അഹമ്മദിന്‍റെ കുടുംബമാണ് അദ്ദേഹത്തിന് വേണ്ടി അപേക്ഷിച്ച് രംഗത്തെത്തിയത്. നിസാറിന്‍റെ 70 വയസ്സുകാരി മാതാവ് സൈദ ബീഗം ആണ് വീഡിയോയിലൂടെ മകന് വേണ്ടി കെഞ്ചിയത്.  നിസാറിനെക്കൊണ്ട് ജോലി രാജിവെപ്പിക്കാമെന്ന് ഉറപ്പ് നല്‍കുകയും മകനെ വെറുതെ വിടണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നതാണ് വീഡിയോ. എന്നാല്‍ തീവ്രവാദികള്‍ ഇത് ചെവിക്കൊണ്ടില്ല. മറ്റ് രണ്ട് പേര്‍ക്കൊപ്പം നിസാറും കൊല്ലപ്പെട്ടു. 

''വെള്ളിയാഴ്ച തന്നെ അവന്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്ന് തന്നെ അവനെക്കൊണ്ട് രാജിവയ്പ്പിക്കാം. അവനെ വെറുതെ വിടണമെന്ന് അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് ഈ ജോലി വേണ്ട. അച്ഛനമ്മമാര്‍ക്ക് അവന്‍ ഒറ്റമകനാണ്'' - സൈദ ബീഗം കരഞ്ഞുകൊണ്ട് അപേക്ഷിച്ചു.  അവനെ വെറുതെ വിടുമെന്ന് പ്രതീക്ഷിച്ച് അവരോട് കേണപേക്ഷിച്ചു. എന്നിട്ടും അവര്‍ അവനെ കൊന്നുവെന്ന് നിസാറിന്‍റെ ബന്ധു പറഞ്ഞു. വൃദ്ധരായ അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും 44കാരനായ നിസാര്‍ അഹമ്മദ് ആയിരുന്നു ഏക ആശ്രയം.  

രണ്ട് മിനുട്ട് നീണ്ടുനില്‍ക്കുന്ന വീഡിയോ സന്ദേശമാണ് കാശ്മീര്‍ ഹിസുബുള്‍ മുജാഹിദ്ദീന്‍ പ്രചരിപ്പിക്കുന്നത്. ഇതില്‍ കാശ്മീര്‍ പൊലീസിന്‍റെയും ഇന്ത്യന്‍ സൈന്യത്തിന്‍റെയും ഫോട്ടോയ്ക്കൊപ്പം ഹിസ്ബുള്‍ മുജാഹിദീന്‍റെ ബാന്നറും നല്‍കിയിട്ടുണ്ട്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ വക്താവ് ഉമര്‍ ഇബ്നു ഖിദാബ് ആണ് ഭീഷണി വീഡിയോ പുറത്തുവിട്ടത്. 

വീഡിയോയില്‍ കേള്‍ക്കുന്ന വിവരണത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ പ്രതിനിധി ആണെന്ന് സ്വയം വ്യക്തമാക്കുന്ന ആള്‍ ബിഎസ്എഫ്, സിആര്‍പിഎഫ്, ട്രാഫിക് പൊലീസ്, രാഷ്രീയ റൈഫിള്‍, എസ്‍ടിഎഫ്, സിഐഡി, തുടങ്ങി എല്ലാ രാജ്യ സുരക്ഷാ ജോലികളില്‍നിന്നും രാജി വയ്ക്കാനാണ് ആവശ്യപ്പെടുന്നത്. രാജി വച്ച് ഇന്ത്യയില്‍നിന്ന് കാശ്മീരിന് സ്വാതന്ത്ര്യം ലഭിക്കാനുള്ള തങ്ങളുടെ പോരാട്ടത്തിന്‍റെ ഭാഗമാകാനും സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. 

നാല് ദിവസത്തിന് ശേഷമുള്ള രാജി കണക്കിലെടുക്കില്ല.  ഇത് അനുസരിക്കാത്ത പക്ഷം കുടുംബത്തെ അടക്കം കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുന്നു. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനെ നയിക്കുന്നത് സയ്യദ് സലാഹുദ്ദീന്‍ ആണ്. 
 

click me!