
ഇടുക്കി: ഇടുക്കിയിലെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നത് ചര്‍ച്ച ചെയ്യാൻ കളക്ടര്‍ വിളിച്ച ഉന്നതതലയോഗത്തിലേക്ക് പീരുമേട് എംഎൽഎ ഇ.എസ്. ബിജിമോൾ പങ്കെടുത്തില്ല. എംഎല്‍എ എത്താത്തതിൽ പ്രതിഷേധം ഉയര്‍ന്നു. ജനങ്ങളെക്കാൾ എംഎൽഎയ്ക്ക് പ്രാധാന്യം പാര്‍ട്ടി പരിപാടിയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. കേരള മഹിളാസംഘം സംഘടിപ്പിച്ച രാജ്ഭവൻ മാര്‍ച്ചിന് പോയതിനാലാണ് ബിജിമോൾ യോഗത്തില്‍ നിന്നും വിട്ടുനിന്നത്. അതേസമയം, തന്‍റെ നിര്‍ദ്ദേശപ്രകാരമാണ് കളക്ടര്‍ ഉന്നതതല യോഗം വിളിച്ചതെന്നും നാളെ മണ്ഡലത്തിലെ ജനങ്ങളെ നേരിട്ട് കാണുമെന്നാണ് ഇ.എസ്. ബിജിമോളുടെ വിശദീകരണം.
മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകൾ തുറന്ന് വിടുകയാണെങ്കിൽ ഏറ്റവും കൂടുതൽ ബാധിക്കുക പീരുമേട് നിയോജകമണ്ഡലത്തിലെ ജനങ്ങളെയാണ്. ചപ്പാത്തിലേയും വള്ളക്കടവിലേയുമൊക്കെ നൂറ് കണക്കിന് കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിക്കേണ്ടിവരുക. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാനാണ് ജില്ലാകളക്ടര്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചത്. വൈദ്യുതിമന്ത്രി എം.എം.മണി, ജോയ്സ് ജോര്ജ്ത എംപി, എംഎൽഎമാരായ പിജെ ജോസഫ്, റോഷി അഗസ്റ്റിൻ എന്നിവരെല്ലാം യോഗത്തിനെത്തിയിരുന്നു.
ഇതിനിടയില്‍ ആശങ്ക ഉയര്‍ത്തി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി അണക്കെട്ടിൽ 2393.16 അടിയും മുല്ലപ്പെരിയാറിൽ 135.95 അടിയുമാണ് ജലനിരപ്പ്. മഴയും നീരൊഴുക്കും തുടര്‍ന്നാല്‍ അഞ്ച് ദിവസത്തിനുള്ളിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നാണ് ഡാം സേഫ്റ്റി അതോറിറ്റിയുടെ വിലയിരുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam