
കോഴിക്കോട്: തുലാമാസ പൂജ കഴിഞ്ഞ് നട അടയ്ക്കാനിരിക്കെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ബിന്ദു തങ്കം കല്യാണിയുടെ മകൾക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചു. കേരള തമിഴ്നാട് ബോർഡറിലെ 'വിദ്യ വനം' ഹയർസെക്കന്ററി സ്കൂളാണ് ബിന്ദുവിന്റെ പതിനൊന്ന് വയസ്സുകാരിയായ മകൾക്ക് പ്രവേശനം നിഷേധിച്ചത്. മുമ്പ് അഡ്മിഷന്‍ നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും തിങ്കളാഴ്ച സ്കൂളിൽ എത്തിയപ്പോൾ പ്രവേശനം നടക്കില്ലെന്ന് പറയുകയായിരുന്നുവെന്ന് ബിന്ദു പറയുന്നു.
" ഞാൻ എന്റെ മകളുമായി സ്‌കൂളിലെത്തിയപ്പോൾ വളരെ വിചിത്രമായാണ് അധികൃതർ പെരുമാറിയത്. സ്‌കൂൾ പ്രിൻസിപ്പൽ 'ഞാനൊരു ആക്ടിവിസ്റ്റൊന്നുമല്ല, വേണമെങ്കിൽ ഒരു 'എജുക്കേഷണൽ ആക്റ്റിവിസ്റ്റ് എന്നൊക്കെ പറയാം..' എന്ന് പരിഹാസച്ചുവയോടെ പറഞ്ഞു. എന്റെ കുഞ്ഞിന്റെ അഡ്മിഷനുവേണ്ടി അവരുടെ മുന്നിൽ ചെന്നു നിന്ന എന്നോട് ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തേണ്ട കാര്യമെന്താണ്..? അഡ്മിഷനുവേണ്ടി രണ്ടു തവണ ഞാൻ സ്‌കൂളിൽ പോവുകയുണ്ടായി. അവർ എന്റെ കുഞ്ഞിന് അഡ്മിഷൻ തരാം എന്ന് സമ്മതിച്ചിരുന്നതുമാണ്. പക്ഷേ, അവസാന നിമിഷം, ' സ്‌കൂളിലെ സമാധാനാന്തരീക്ഷം നശിപ്പിക്കാനാവില്ല' എന്ന കാരണം പറഞ്ഞ് അവർ നിലപാടുമാറ്റുകയാണുണ്ടായത് ' , ബിന്ദു പറഞ്ഞു.
എന്നിരുന്നാലും, താൻ സ്കൂൾ അധികൃതരെ കുറ്റപ്പെടുത്തുന്നില്ല എന്ന് ബിന്ദു വ്യക്തമാക്കി. " ഞങ്ങൾ പ്രവേശനത്തിനായി സ്‌കൂളിൽ എത്തിയപ്പോൾ അവിടെ പത്തറുപത് പേരടങ്ങുന്ന ഒരു ആൾക്കൂട്ടം തടിച്ചുകൂടിയിരുന്നു. എല്ലാവരും പുരുഷന്മാരായിരുന്നു. എന്നോട് അവർ ഒന്നും പറയാൻ വന്നില്ല. അൽപനേരം കഴിഞ്ഞ്, ഒരു ടീച്ചർ വന്നുപറഞ്ഞു, അവർ സ്‌കൂളിലേക്ക് സംഘം ചേർന്നു വന്നിരിക്കുന്നത് എന്റെ മകളെ അവിടെ പ്രവേശിപ്പിക്കുന്നതിൽ അവർക്കുള്ള എതിർപ്പ് പ്രകടിപ്പിക്കാനാണ് എന്ന്. സ്വാഭാവികമായും സ്‌കൂളധികൃതർ ഭയന്നു കാണണം. അപ്പോഴാണ് ഞാൻ ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചിരുന്നോ എന്ന് സ്‌കൂളധികൃതർ എന്നോട് ചോദിക്കുന്നത്. "ബിന്ദു കൂട്ടിച്ചേർത്തു. ന്യൂസ് മിനിട്ടാണ് വാർത്ത പുറത്തുവിട്ടത്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 22നാണ് അധ്യാപിക കൂടിയായ ബിന്ദു തങ്കം കല്യാണി ശബരിമലയില്‍ പോയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോവുകയായിരുന്നു. ശേഷം ചേവായൂരിലെ വാടക വീട്ടിൽ നിന്നും ഇനിയൊരറിയിപ്പ് കിട്ടുന്നത് വരെ ജോലി ചെയ്യുന്ന സ്കൂളിലേയ്ക്ക് വരേണ്ടെന്ന് സ്കൂളധികൃതരും അറിയിച്ചതായി ബിന്ദു പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam