
ദില്ലി: വടക്ക് കിഴക്കന്‍ ദില്ലിയെയും വടക്കന്‍ ദില്ലിയെയും ബന്ധിപ്പിക്കുന്ന യമുന നദിക്ക് കുറുകെയുള്ള സിഗ്നേച്ചര്‍ ബ്രിഡ്ജിന്‍റെ ഉദ്ഘാടനത്തിനിടെ സംഘര്‍ഷം. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലാണ് പ്രശ്നങ്ങളുണ്ടായത്. ഇതിനിടെ പാലത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ നിര്‍വഹിച്ചു.
675 മീറ്റര്‍ നീളവും എട്ട് വരിയുമുള്ള പാലം നാളെ മുതല്‍ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. ഉദ്ഘാടനത്തിന് തങ്ങളെ ക്ഷണിക്കാത്തതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. ഇതോടെ സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ മനോജ് തിവാരിയുടെ നേതൃത്വത്തിലുള്ള സംഘം ഉദ്ഘാടനത്തിന് മുമ്പ് പ്രതിഷേധ സ്വരങ്ങളുമായി എത്തി.
രണ്ട് കൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായതിന് ശേഷം പൊലീസ് ഒരുവിധം രംഗം ശാന്തമാക്കി. ഇതിനിടെ എഎപി എംഎല്‍എ അമാനാത്തുളാഹ് ഖാന്‍ മനോജ് തിവാരിയെ പിടിച്ച തള്ളിയത് വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സംഭവത്തില്‍ കേസ് നല്‍കുമെന്ന് ഇതിന് ശേഷം ബിജെപി അധ്യക്ഷന്‍ പ്രതികരിച്ചു.
സിഗ്നേച്ചര്‍ പാലം യാഥാര്‍ഥ്യമായതോടെ വാസിരാബാദ് പാലത്തിലെ തിരക്ക് കുറയുമെന്നാണ് കരുതപ്പെടുന്നത്. സഞ്ചാരികളെയും ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ പാലത്തിനുണ്ട്. പാലത്തിന്‍റെ തൂണിന് മുകളില്‍ കാഴ്ചകള്‍ ആസ്വദിക്കാനും സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam