അയോധ്യ കൊണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പിടിക്കാമെന്ന് ബിജെപി കരുതേണ്ട: പ്രകാശ് രാജ്

By Noushad KTFirst Published Dec 15, 2018, 4:22 PM IST
Highlights

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം അക്കാര്യമാണ് വ്യക്തമാക്കുന്നത്. ഇനിയും വര്‍ഗീയത കുത്തിപ്പൊക്കി കൊണ്ടുവന്നാല്‍ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന് പ്രകാശ് രാജ്.  കെ. ടി നൗഷാദ് നടത്തിയ അഭിമുഖം

മനാമ: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അയോധ്യ വിഷയം ഉയര്‍ത്തി നേട്ടം കൊയ്യാമെന്ന് ബിജെപി കരുതേണ്ടെന്ന് നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് രാജ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം അക്കാര്യമാണ് വ്യക്തമാക്കുന്നത്. ഇനിയും വര്‍ഗീയത കുത്തിപ്പൊക്കി കൊണ്ടുവന്നാല്‍ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈന്‍ കേരളീയ സമാജം ഡി സി ബുക്സുമായി സഹകരിച്ച് നടത്തുന്ന പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിനായി മനാമയില്‍ എത്തിയ അദ്ദേഹം 'ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്' പ്രത്യേകമായി അനുവദിച്ച അഭിമുഖത്തിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. 

ജനങ്ങള്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചുവെന്നതിന്റെ സൂചനയാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം.  ജനങ്ങള്‍ പകരക്കാരെ തേടുകയാണ്. പകരമായെത്തിയവരില്‍ നിന്ന് ശരിയായ ഭരണമുണ്ടായില്ലെങ്കില്‍ അവരോടും ജനങ്ങളുടെ ചോദ്യമുയരും. ചോദ്യമുയുര്‍ത്തുന്നവരെ നിശ്ശബ്ദമാക്കി മുന്നോട്ട് പോകാനാവില്ല. നിലവിലുളള ഭരണത്തോട് എതിര്‍പ്പ് വളരുകയാണ്. എല്ലാ മത വിഭാഗങ്ങളിലും അസംതൃപ്തി പ്രകടമാണ്. ദക്ഷിണേന്ത്യയില്‍ നിന്ന് തുടങ്ങിയ ബി.ജെ.പി വിരുദ്ധ വികാരം ഹൃദയഭാഗത്തേക്ക് കൂടി പ്രവേശിക്കുകയാണ്. കേന്ദ്രത്തിന് പുറമെ സംസ്ഥാനങ്ങളിലും അധികാരമുണ്ടായിരിക്കെ പുറകോട്ട് പിന്തളളപ്പെട്ടു എന്നത് ചെറിയ കാര്യമല്ല. കോടതിയിലെ ജഡ്ജ്മാര്‍ മുതല്‍ റിസര്‍വ് ബാങ്ക് തലവന്‍ വരെ അസംതൃപ്തി പ്രകടമാക്കുമ്പോള്‍ മനസ്സിലാക്കേണ്ടത്, ഭരണമെന്തെന്ന് അറിയാത്തവരാണ് നമ്മെ ഭരിക്കുന്നത് എന്നാണ്- പ്രകാശ് രാജ് പറയുന്നു. 

അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം: 

സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് തീ കൊടുക്കാനുളള പദ്ധതികളെ തുറന്നു കാട്ടണം

ശബരിമല പോലുളള വിഷയം തങ്ങള്‍ക്ക് വളരാനുളള സുവര്‍ണാവസരമാണെന്ന് പറയുന്ന ബി.ജെ.പിയല്ലാത്ത മറ്റൊരു പാര്‍ട്ടി ഇന്ത്യയിലുണ്ടോ?  ജീവല്‍ പ്രശ്നങ്ങള്‍ നിരവധി ഉണ്ടായിരിക്കെ ബംഗാളില്‍ രഥയാത്ര നടത്താനാണ് അമിത് ഷാക്ക് തിടുക്കം. സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് തീ കൊടുക്കാനുളള ഇവരുടെ പദ്ധതികളെ തുറന്നു കാട്ടാന്‍ കഴിയണം. ഇത്തരക്കാര്‍ക്ക് അവസരം കൊടുക്കാത്ത രൂപത്തിലാവണം ശബരിമല വിഷയം കൈകാര്യം ചെയ്യേണ്ടത്. വളരെയധികം തയ്യാറെടുപ്പുകളോടു കൂടിയേ ഇത്തരം വിധികള്‍ നടപ്പിലാക്കാനാവൂ. പ്രശ്നമുണ്ടാക്കുന്നവര്‍ക്ക് അവസരം നല്‍കുന്ന വിധം വിശ്വാസികളല്ലാത്തവര്‍ അവിടെ എത്തരുത്. അതേ സമയം വിശ്വാസികളായ സ്ത്രീകള്‍ അവിടെയെത്തുമ്പോള്‍ തടയപ്പെടുന്ന അവസ്ഥ ഉണ്ടാകാനും പാടില്ല. സ്ത്രീകളെ ബഹുമാനിക്കാത്ത ഒരു മതവും മതമല്ല. ദേവദാസി സമ്പ്രദായം, ശൈശവ വിവാഹം തുടങ്ങിയവ നിര്‍ത്തലാക്കിയപ്പോള്‍ അത് ശരിയാണെന്ന് വിശ്വസിച്ചിരുന്ന ഒരു വിഭാഗം ഇവിടെയുണ്ടായിരുന്നു. ഇത്തരക്കാരെ ബോധവത്കരിക്കാന്‍ ശ്രമമുണ്ടാകണം.

'അമ്മ' ശരിയായിരുന്നില്ല

എന്തു കൊണ്ടാണ് മലയാളം സിനിമാ രംഗത്ത് സ്ത്രീകള്‍ മറ്റൊരു സംഘടന രൂപീകരിക്കാന്‍ തയ്യാറായത്. കാരണം അമ്മ' ശരിയായിരുന്നില്ല എന്നതാണ്.  ആരെങ്കിലും പരാതിപ്പെടുമ്പോള്‍ അത് കേള്‍ക്കുകയാണ് വേണ്ടത്, അല്ലാതെ തടയുകയല്ല. ആരെങ്കിലും വിമതരാകുന്നുണ്ടെങ്കില്‍ അതിന് കാരണമുണ്ടാകും. പ്രശ്നങ്ങള്‍ കേള്‍ക്കണമെന്നും തങ്ങളെ കൂടി ഉള്‍ക്കൊളളണമെന്നുമാണ് സ്ത്രീകളുടെ ആവശ്യം. സംഘടനയോ സംഘടനാ നേതാക്കളോ അണികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു പക്ഷം പിടിക്കരുത്. തനിക്ക് ഒരാളെ വര്‍ഷങ്ങളായി അറിയാമെന്നത് കൊണ്ട് അയാള്‍ മറ്റൊരാളോട് മോശമായൊന്നും ചെയ്തില്ല എന്ന് എങ്ങനെ പറയാനാകും? ആര്‍ക്കെങ്കിലും സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയോ വിഷയം കേള്‍ക്കാതെ ഒരു പക്ഷത്തേക്ക് ചാടുകയോ അല്ല അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നയാള്‍ ചെയ്യേണ്ടത്. മോഹന്‍ലാല്‍ മോശക്കാരനല്ല, പക്ഷം പിടിക്കാതെ അദ്ദേഹം എല്ലാവരെയും കേള്‍ക്കാന്‍ തയ്യാറായാല്‍ പ്രശ്നം തീരും.

രാഹുല്‍ ഗാന്ധി വളരുകയാണ്

തെറ്റു പറ്റിയ ഒരാളെ ചൂണ്ടിക്കാട്ടി, അയാളുടെ പാര്‍ട്ടിയിലാണെന്ന് പറഞ്ഞ് പുതുതായി കടന്നു വരുന്നവരെ വിചാരണ ചെയ്യുന്നത് ശരിയല്ല. കോണ്‍ഗ്രസിന്റെ തെറ്റുകളാണ് അവരെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതും ബി.ജെ.പിക്ക് വരാന്‍ അസരമൊരുക്കിയതും. ആ തെറ്റുകള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിനും അവസരം കൊടുക്കേണ്ടതുണ്ട്. രാഹുല്‍ വളരുന്നുവെന്നാണ് അദ്ദേഹത്തെ നിരീക്ഷിക്കുമ്പോള്‍ മനസ്സിലാകുന്നത്. പഴയ കുതിരകള്‍ പോകുകയും പുതിയ യുവ രക്തം കടന്നു വരികയുമാണ്. പുതിയതായി കടന്നു വരുന്ന യുവാക്കളായിരിക്കും ഭാവി ഇന്ത്യയുടെ നേതാക്കള്‍. 

ഹിന്ദുരാഷ്ട്ര നിര്‍മ്മാണത്തിനായി ഭീകര പ്രവര്‍ത്തനങ്ങള്‍

ഗൗരി ലങ്കേഷ്, ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നീ നാല് കൊലപാതകങ്ങളും ഒന്നിച്ച് അന്വേഷിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം നല്ലൊരു നീക്കമാണ്. തീവ്ര ഹൈന്ദവ സംഘടനയായ സനാതന്‍ സന്‍സ്തക്കെതിരെയാണ് തെളിവുകള്‍. വിദേശ നിര്‍മ്മിത തോക്കുകളുള്‍പ്പെടെ വന്‍ ആയുധ ശേഖരം മഹാരാഷ്ട്രയില്‍ സനാതന്‍ സന്‍സ്തയില്‍ നിന്ന് ഈയിടെയാണ് പിടികൂടിയത്. ഹിന്ദുരാഷ്ട്ര നിര്‍മ്മാണത്തിനായി ഇവര്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ പുറത്തു കൊണ്ടു വരാന്‍ അന്വേഷണം സഹായകമാകും. 

മീ ടൂ സ്ത്രീകളുടെ മാത്രം പോരാട്ടമല്ല

നമ്മുടെ സമൂഹം മൊത്തത്തില്‍ സ്ത്രീ സൗഹൃദമല്ല. അറിഞ്ഞോ അറിയാതെയൊ പുരുഷന്‍ സ്ത്രീയെ ചൂഷണം ചെയ്യുന്നു. സ്തീകള്‍ അനുഭവിക്കുന്നതൊന്നും പുരുഷനിതുവരെ അനുഭവിച്ചിട്ടില്ല. ഏതെങ്കിലും ഒരു മേഖലയില്‍ മാത്രമല്ല എല്ലായിടങ്ങളിലും സ്ത്രീകള്‍ പ്രശ്നങ്ങള്‍ അഭിമുഖീരിക്കുന്നുണ്ട്. ശ്രദ്ധിക്കപ്പെടുന്ന മേഖലയായതു കൊണ്ട് മാത്രമാണ് സിനിമാ മേഖയിലേത് പുറത്തു വരുന്നത്. വീടകങ്ങളില്‍ പോലും സ്ത്രീ, പീഡനത്തിന് വിധേയമാകുന്നുണ്ട്. ശക്തയായ ഒരു സ്ത്രീയോട് സംസാരിക്കുന്നതു പോലും പുരുഷന് ബുദ്ധിമുട്ടായി തോന്നുന്നു. ഇത് മാറാന്‍ പുരുഷന്മാരാണ് മുന്‍കൈയെടുക്കേണ്ടത്. മീ ടൂ വിന് തുടക്കമിട്ടത് ഇരകളാണ്. ഈ മൂവ്മെന്റിന് തുടക്കമിടാന്‍ കഴിഞ്ഞില്ല എന്നതില്‍ പുരുഷന്മാരായ നാം നാണിക്കണം. അതവരുടെ മാത്രം പോരാട്ടമല്ല, നമ്മുടേതു കൂടിയാണ്.

കോണ്‍ഗ്രസ് ഏജന്റല്ല

ബി ജെ പി പറയുന്നത് താനൊരു കോണ്‍ഗ്രസ് ഏജന്റാണെന്നാണ്. കാലം അത് തെളിയിക്കുമെന്നേ അതിന് മറുപടി പറയുന്നുളളു. ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടിയല്ല നിലകൊളളുന്നത്. ബി.ജെ.പിക്കെതിരാണ് എന്നതിന്റെ അര്‍ത്ഥം അവരെ എതിര്‍ക്കുന്ന മറ്റൊരാളുടെ സുഹൃത്താണെന്നല്ല. അവരെയും ചോദ്യം ചെയ്യും. തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ ചോദ്യമുയര്‍ത്തുക എന്നതാണ് നിലപാട്. കര്‍ണാടകയില്‍ സിദ്ധരാമയ്യയെ പോലുളള നേതാക്കളുളളതു കൊണ്ടാണ് കോണ്‍ഗ്രസിനെ പിന്തുണച്ചത്. തെലങ്കാനയില്‍ അങ്ങനെയൊരാളും ഇല്ലാത്തതു കൊണ്ടാണ് ടി.ആര്‍.എസിനൊപ്പം നിന്നത്. ഓരോ സംസ്ഥാനത്തെയും ജനങ്ങള്‍ പിന്തുണക്കുക വ്യത്യസ്ത ആളുകളെയായിരിക്കും. ഇവരെല്ലാം കൂടി ഒറ്റ പാര്‍ട്ടിയായി മാറുമെന്ന് വിചാരിക്കണ്ട. രാജ്യത്തിനാവശ്യം ഓരോയിടത്തു നിന്നുമുളള വ്യത്യസ്തമായ പ്രാതിനിധ്യമാണ്.

ഗൗരി ലങ്കേഷിന്റെ കൊലപാതകമാണ് എന്റെ കണ്ണു തുറപ്പിച്ചത് 

ജനങ്ങളെ ആസ്വദിപ്പിക്കുക എന്നത് മാത്രമല്ല കലാകാരന്മാരുടെ ദൗത്യം. രാജ്യം ആവശ്യപ്പടുമ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി വായ തുറക്കാനാകണം. ഒരു പ്രശ്നമുണ്ടാകുമ്പോള്‍ അതിനോട് പ്രതികരിക്കാനായില്ലെങ്കില്‍ എന്ത് കാര്യം. സുഹൃത്തായ ഗൗരി ലങ്കേഷിന്റെ കൊലപാതകമാണ് എന്റെ കണ്ണു തുറപ്പിച്ചത്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ സജീവമായതും അങ്ങനെയാണ്. തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പെ പ്രചാരണം തുടങ്ങുകയും എല്ലാ ജില്ലകളിലും നേരിട്ട് പോകുകയും ചെയ്തു. കോളേജ് അധ്യാപകര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെയൊക്കെ പരസ്പരം ബന്ധപ്പെടുത്തിയുള്ള ശൃംഖല എല്ലാ ജില്ലകളിലും രൂപീകരിച്ചു. ഉയര്‍ന്ന ബോധ്യമുളള 3000 പേരടങ്ങുന്ന കേഡര്‍മാര്‍ ഇപ്പോഴുണ്ട്. വീഡിയോ ഉണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെയും പ്രചാരണം നടത്തി. ബി.ജെ.പിയെ തടയുന്നതില്‍ ഇത് വലിയ പങ്ക് വഹിച്ചുവെന്നാണ് താന്‍ കരുതുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളുടെ ശാക്തീകരണത്തിലാണ് ഇപ്പോള്‍ ശ്രദ്ധ. കര്‍ണാടക, ആന്ധ്ര, തെലുങ്കാന എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന പരിപാടിക്ക് ഒരുപാട് പേരുടെ പിന്തുണ കിട്ടുന്നുണ്ട്.

മലയാളികള്‍ ഇഷ്ടപ്പെടുന്നത് യഥാര്‍ത്ഥ എന്നെയാണ് 

തന്റെ നിലപാടുകളെ ഏറ്റവുമധികം പിന്തുണക്കുന്നവരാണ് മലയാളികള്‍. അവര്‍ പകരുന്ന ശക്തി ആശ്ചര്യപ്പെടുത്തുന്നതാണ്. നടനെന്നതിനേക്കാള്‍ യഥാര്‍ത്ഥ എന്നെയാണ് അവര്‍ ഇഷ്ടപ്പെടുന്നത്. അത് വെറുമൊരു ഫാന്‍സല്ല എന്നത് സന്തോഷകരമാണ്. നിങ്ങളുടെ സ്വന്തം സ്ഥലത്തേക്ക് പോകൂ എന്ന് ബി.ജെ.പി എന്നോട് ആവശ്യപ്പെടുന്നത് ഈ പിന്തുണ കണ്ടിട്ടാണ്.

click me!