
ദില്ലി: ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ നടക്കുന്ന ഭീം മഹാസംഘം വിജയ് സങ്കൽപ് റാലിയിൽ ഖിച്ഡി ഒരുക്കി ബി ജെ പി പ്രവർത്തകർ. ദില്ലിയിൽവച്ച് നടക്കുന്ന റാലിയോട് അനുബന്ധിച്ച് 5,000 കിലോ വരുന്ന 'മെഗാ ഖിച്ഡി'യാണ് പ്രവർത്തകർ തയ്യാറാക്കുന്നത്. ലോക റെക്കോർഡ് ഉന്നം വച്ചുകൊണ്ടുള്ള ഖിച്ഡി ഞായറാഴ്ച തയ്യാറാക്കും.
ദില്ലിയിലെ രാംലീല മൈദാനിന്റെ പരിസരത്തുളള ദളിത് വീടുകളിൽനിന്ന് ശേഖരിച്ച അരിയും പരിപ്പും കൊണ്ട് തയ്യാറാക്കുന്ന ഈ മെഗാ ഖിച്ഡി റാലിയിൽ പങ്കെടുക്കുന്ന പാർട്ടി പ്രവർത്തകർക്ക് വിതരണം ചെയ്യും. ദില്ലിയിൽ ദളിത് സമുദായത്തിന് വേണ്ടി പാർട്ടി നടത്തിയ പ്രവർത്തനത്തെ കുറിച്ച് റാലിയെ അഭിസംബോധന ചെയ്ത് അമിത് ഷാ സംസാരിക്കും.
സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മോദി പരാജിതനാണെന്നും രാജ്യത്തെ ദളിതരുടെ ഉന്നമനത്തിനായി വേണ്ടത്ര പരിശ്രമങ്ങൾ നടത്തുന്നില്ലെന്നുമുള്ള കോൺഗ്രസിന്റെ നിരന്തരം വിമർശനങ്ങൾക്ക് റാലിയോടുകൂടി പരിഹാരം കാണാമെന്നാണ് ബി ജെ പി കരുതുന്നത്. സമൂഹത്തിലെ ദുർബലവിഭാഗങ്ങളെ മോദി ഉപേക്ഷിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.
2017ൽ പ്രശസ്ത ഷെഫ് സഞ്ജീവ് കപൂർ 918 കിലോ ഖിച്ടി തയ്യാറാക്കി ലോക റെക്കോർഡ് നേടിയിരുന്നു. ദില്ലിയിലെ ഭക്ഷ്യ മന്ത്രാലയം സംഘടിപ്പിച്ച 'വേൾഡ് ഫുഡ് ഇന്ത്യ' എന്ന പരിപാടിയിലായിരുന്നു സഞ്ജീവ് കപൂർ ലോക റെക്കോർഡ് കരസ്ഥമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam