
കൊല്‍ക്കത്ത: പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ കുട്ടിയുടെ പിതാവും പ്രാദേശിക ബി ജെ പി നേതാവുമായ സുപ്രഭാത് ബത്യബാലിനെ അറസ്റ്റ് ചെയ്തതിനെതിരെ പടിഞ്ഞാറന്‍ ബംഗാള്‍ ബി ജെ പി പ്രസിഡന്‍റ് ദിലീപ് ഗോഷ്. സംഭവുമായി ബന്ധപ്പെട്ട് ബി ജെ പി നേതാവ് സുപ്രഭാത് ബത്യബാലിനെയും മറ്റ് രണ്ട് പേരെയുമാണ് പൊലീസ് പിടികൂടിയത്. പൊലീസ് അന്വേഷണത്തെ തൃണമൂല്‍ കോണ്‍ഗ്രസ് സ്വാധീനിച്ചിട്ടുണ്ടെന്നാണ് ദിലീപ് ഗോഷ് പറയുന്നത്.
സത്യം പുറത്തുകൊണ്ടുവരാനായി പൊലീസ് സ്വതന്ത്ര അന്വേഷണം നടത്തണം. അന്വേഷണങ്ങളെ മുന്‍പും തൃണമൂല്‍ കോണ്‍ഗ്രസും സര്‍ക്കാരും സ്വാധീനിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഈ കേസിലും സംശയമുണ്ടെന്നാണ് ദിലീപ് ഗോഷ് പറയുന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സുപ്രഭാത് ആണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പ് എങ്ങനെയാണ് തൃണമൂലിന് സുപ്രഭാതിന്‍റെ നേര്‍ക്ക് ആരോപണം ഉന്നയിക്കാന്‍ കഴിഞ്ഞതെന്ന് ദിലീപ് ചോദിക്കുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ബംഗാളിലെ ബിര്‍ഭൂമിലെ സുപ്രഭാതിന്‍റെ വീട്ടില്‍ നിന്നും മകളെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ അജ്ഞാത സംഘമല്ല പിതാവ് തന്നെയാണ് മകളെ മറ്റ് രണ്ടുപേരുടെ സഹായത്തോടെ തട്ടിക്കൊണ്ട് പോയതെന്ന് തെളിഞ്ഞു. മകളെ തട്ടിക്കൊണ്ടുപോയത് രാഷട്രീയലാഭത്തിനോ അല്ലെങ്കില്‍ കുടുംബ പ്രശ്നമോ മൂലമാകാമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സുപ്രഭാതിന്‍റെ മകളെ കാണാതായതോടെ തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എ മനിറുള്‍ ഇസ്‍ലാമിന് നേരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായിരുന്നു. തുടര്‍ന്ന് മനിറുളിന് പൊലീസില്‍ അഭയം തേടേണ്ടി വന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam