പുൽവാമയിൽ കൊല്ലപ്പെട്ട ജവാന്‍റെ കുടുംബത്തിനുള്ള സർക്കാർ സഹായം ഇന്ന് പ്രഖ്യാപിക്കും

By Web TeamFirst Published Feb 19, 2019, 8:05 AM IST
Highlights

ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് സഹായം നൽകുന്നത് സംബന്ധിച്ചുള്ള തീരുമാനമുണ്ടാവുക. 

തിരുവനന്തപുരം: പുല്‍വാമയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വി വി വസന്ത് കുമാറിന്‍റെ കുടുംബത്തിനുളള സര്‍ക്കാര്‍ സഹായം ഇന്ന് പ്രഖ്യാപിക്കും. ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്തുന്നതടക്കമുളള കാര്യങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. വയനാട് വെറ്ററിനറി സർവകലാശാലയിൽ താൽക്കാലിക ജീവനക്കാരിയാണ് ഷീനയിപ്പോൾ.

ശനിയാഴ്ച വയനാട്ടിൽ വസന്ത് കുമാറിന്‍റെ വീട്ടിൽ സന്ദർശനം നടത്തിയ മന്ത്രി എ കെ ബാലൻ, ജവാന്‍റെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വയനാട് വെറ്ററിനറി സർവകലാശാലയിൽ താൽക്കാലിക ജീവനക്കാരിയായ ഷീനയുടെ ജോലി സ്ഥിരപ്പെടുത്തുന്നതിനൊപ്പം മക്കളുടെ വിദ്യാഭ്യാസം കേന്ദ്രീയ വിദ്യാലയത്തിലേക്ക് മാറ്റുമെന്നും വിദ്യാഭ്യാസച്ചെലവുകൾ സർക്കാർ വഹിക്കുന്നതും പരിഗണിക്കുമെന്നും ബാലൻ വ്യക്തമാക്കി.

രാവിലെ 10 മണിക്കാണ് മന്ത്രിസഭാ യോഗം തുടങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിലാണ് യോഗം. യോഗത്തിന് ശേഷം 11 മണിയോടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. 

ഇതിന് പുറമേ, ഹാരിസണ്‍ മലയാളം ലിമിറ്റഡിന്‍റെ കൈവശമുളളതും, ഹാരിസണ്‍ മറിച്ചു വിറ്റതുമായ ഭൂമിയുടെ നികുതി സ്വീകരിക്കുന്ന വിഷയവും മന്ത്രിസഭ പരിഗണിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും പൊലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കണമെന്ന ശുപാര്‍ശ ഇന്ന് മന്ത്രിസഭ പരിഗണിച്ചേക്കില്ല.

click me!