
കൊൽക്കത്ത: പശ്ചിമബംഗാളിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ഗൗരവ് ദത്തയുടെ ആത്മഹത്യയ്ക്ക് പിന്നിൽ മമത ബാനർജിയാണെന്ന ആരോപണവുമായി ബിജെപി നേതാവ് മുകുൾ റോയ‌്. കേസ് അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്നും ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി മമതയെ അറസ്റ്റ് ചെയ്യണമെന്നുമാണ് മുകുൾ റോയ് ആവശ്യപ്പെടുന്നത്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനെതിരെ പ്രയോഗിക്കാനുള്ള ആയുധമാക്കി ഈ ആത്മഹത്യയെ മാറ്റിയിരിക്കുകയാണ് ബിജെപി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് രണ്ട് കൈകളിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയിൽ ഗൗരവിനെ സ്വന്തം വീട്ടിൽ കണ്ടെത്തിയത്. പശ്ചിമബംഗാളിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്യുന്നതെന്നും അതിന്റെ മേൽ സർക്കാർ പഴി കേൾക്കുന്നതെന്നും മുകുൾ റോയ് ആരോപിച്ചു. ഗൗരവ് ദത്തയുടെ ആത്മഹത്യാക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റിട്ടയർമെന്റിന് ശേഷം ലഭിക്കാനുള്ള ആനുകൂല്യങ്ങളും മറ്റും മമത ബാനർജി മനപൂർവ്വം തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ആത്മഹത്യാക്കുറിപ്പിൽ ഗൗരവ് ദത്തിന്റെ ആരോപണം.
എന്നാൽ ഗൗരവിന് ആനുകൂല്യങ്ങളെല്ലാം നൽകിയിരുന്നു എന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള അറിയിപ്പ്. 2010-ൽ ഗൗരവ് ദത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു. കോൺസ്റ്റബിളിന്റെ ഭാര്യയുടെ പരാതിയെ തുടർന്നായിരുന്നു ഈ നടപടി. ദത്തിന്റെ ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങാത്തതിനെ തുടർന്ന് കോൺസ്റ്റബിളായ തന്റെ ഭർത്താവിനെ ഗൗരവ് ദത്ത് നിരന്തരമായി പീഡിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. കൂടാതെ 2012 ൽ സാമ്പത്തിക ക്രമക്കേടിന്റെ പേരിലും ഗൗരവ് നടപടി നേരിട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam