
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ എംഎൽഎ സത്യജിത് ബിശ്വാസിനെ വെടിവച്ചു കൊന്ന സംഭവത്തിൽ ബിജെപി നേതാവും മുൻ റയിൽവേ മന്ത്രിയുമായ മുകുൾ റോയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സരസ്വതി പൂജാ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനിടെയാണ് കിഷൻഗഞ്ച് എംഎൽഎ സത്യജിത് ബിശ്വാസ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ നേതാവാണ് മുകുൾ റോയ്.
സംഭവം നടന്ന ഉടൻ തന്നെ കൊലപാതകത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു. ബിജെപിയെപ്പോലെ രക്തദാഹിയായ ഒരു പാർട്ടിക്ക് മാത്രമേ ഇത് ചെയ്യാനാകൂ എന്ന് പശ്ചിമബംഗാൾ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി പറഞ്ഞു. മുകുൾ റോയ്‍യുടെ അറസ്റ്റിൽ ബിജെപിയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
കേസിൽ ആദ്യം പ്രതിചേർത്ത രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുകുൾ റോയ്‍യെ കൂടാതെ മറ്റൊരാളെക്കൂടി പു തിയതായി പ്രതി ചേർത്തിട്ടുണ്ട്. ഇതോടെ കേസിൽ ആകെ നാലു പ്രതികളായി. തൃണമൂൽ കോൺഗ്രസിൽ നിന്നും നിരവധി നേതാക്കളെ ബിജെപിയിലേക്ക് നയിച്ചതിൽ പ്രധാന പങ്കുവഹിച്ച നേതാവാണ് മുകുൾ റോയ്.ശാരദ ചിട്ടിഫണ്ട് അഴിമതിയിലും മുകുൾ റോയ് ആരോപണ വിധേയനാണ്.
അതേസമയം തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് ബിജെപി ആരോപിക്കുന്നു. മുൻ തൃണമൂൽ കോൺഗ്രസ് എംപിയായിരുന്ന മുകുൾ റോയ് മൻമോഹൻ സിംഗ് സർക്കാരിൽ റയിൽവേ മന്ത്രി ആയിയിരുന്നു. മമതയുമായി ഇടഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ വർഷമാണ് മുകുൾ റോയ് തൃണമൂൽ വിട്ട്ബിജെപിയിൽ ചേർന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam