
ദില്ലി: നോട്ട് അസാധുവാക്കലിന് പിന്നാലെ 127 കോടി രൂപ അക്കൗണ്ടിൽ നിക്ഷേപിച്ച സിപിഎം ആന്ധ്രാ ഘടകം വെട്ടിൽ. കേന്ദ്രസർക്കാർ അന്വേഷണം തുടങ്ങിയതോടെ പാർട്ടി പരിശോധിക്കുമെന്ന് ഇന്നലെ സിപിഎം വ്യക്തമാക്കിയിരുന്നു. പാർട്ടി ടിവി ചാനൽ, ചന്ദ്രശേഖർ റാവുവിൻറെ കുടുംബത്തിന് വിറ്റു എന്ന ആരോപണവും പിബി പരിശോധിക്കുമെന്നാണ് സൂചന.
ആന്ധ്രാപ്രദേശ് സിപിഎം ഘടകത്തിൻറെ നിന്ത്രണത്തിലുള്ള പ്രജാശക്തി ഉൾപ്പടെ നോട്ട് അസാധുവാക്കലിന് പിന്നാലെ നൂറ് കോടിയിലധികം രൂപ ബാങ്കിലിട്ട കമ്പനികൾക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷിക്കുകയാണെന്ന് കോർപ്പറേറ്റ് മന്ത്രാലയം പാർലമെൻറിനെ അറിയിച്ചു. നിരോധിച്ച നോട്ടുകളാണ് ബാങ്കിലിട്ടത്. ഇന്നലെ പിബി യോഗത്തിനു ശേഷം സീതാറാം യെച്ചൂരി ഇക്കാര്യത്തിൽ പാർട്ടിയും അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചു.
പ്രജാശക്തി പ്രിന്‍റേഴ്സ് ആന്‍ര് പബ്ലിക്കേഷന്‍സിന്‍റെ ഉടമസ്ഥതയിലുള്ള 10 ടിവി എന്ന ചാനല്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ കുടുംബത്തിന് വിറ്റതായും ആരോപണമുണ്ട്. പിബി അംഗം ബിവി രാഘവലുവിനെതിരെ എതിർപക്ഷം പരാതി നല്കിയ പശ്ചാത്തലത്തിൽ ഇക്കാര്യവും സിപിഎം പരിശോധിക്കും. മാർച്ചിലാണ് പരാതി വന്നത്. പിബിയിൽ പ്രകാശ് കാരാട്ടിനൊപ്പം നില്ക്കുന്ന ബിവി രാഘവലുവിനെ പ്രബലവിഭാഗം സംരക്ഷിച്ചു എന്നാണ് ആന്ധ്രയിലുയരുന്ന വിമർശനം. 127 കോടിയുടെ ഇടപാട് കൂടി പുറത്ത് വന്നതോടെയാണ് ഇക്കാര്യത്തിൽ പിബി നേരിട്ട് അന്വേഷണം തുടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam