സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് അലോക് വർമയെ മാറ്റിയത് ‌അനീതിയാണ്; വിമര്‍ശനവുമായി സുബ്രഹ്മണ്യൻ സ്വാമി

By Web TeamFirst Published Jan 13, 2019, 11:39 AM IST
Highlights

സിബിഐ മുൻ ഡയറക്ടറായിരുന്ന അലോക് വർമ്മ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന സിവിസി അന്വേഷണത്തിന് മേൽനോട്ടം വഹിച്ച മുൻ ജസ്റ്റിസ് എ കെ പട്നായിക്കിന്റെ റിപ്പോർട്ടിനോട് സുബ്രഹ്മണ്യൻ സ്വാമി പൂർണമായി യോജിക്കുന്നതായും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

ദില്ലി: സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് അലോക് വർമയെ മാറ്റിയ നടപടിയെ രൂക്ഷമായി വിമർശിച്ച് ബി ജെ പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. അലോക് വർമയ്ക്കെതിരേയുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നടപടി അനീതിയാണെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. പ്രധാനമന്ത്രി അധ്യക്ഷനായ തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് അലോക് വർമയെ പുറത്താക്കിയത്.   
 
സിബിഐ മുൻ ഡയറക്ടറായിരുന്ന അലോക് വർമ്മ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന സിവിസി അന്വേഷണത്തിന് മേൽനോട്ടം വഹിച്ച മുൻ ജസ്റ്റിസ് എ കെ പട്നായിക്കിന്റെ റിപ്പോർട്ടിനോട് സുബ്രഹ്മണ്യൻ സ്വാമി പൂർണമായി യോജിക്കുന്നതായും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വർമ്മക്കെതിരായ അഴിമതി ആരോപണത്തിന് തെളിവില്ലെന്നും കേന്ദ്ര വിജിലൻസ് കമ്മീഷൻ പറയുന്നത് അന്തിമ വാക്ക് അല്ലെന്നും പട്നായിക്ക് ശനിയാഴ്ച പറഞ്ഞു. 

അഴിമതി ആരോപിച്ച് സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് വർമ്മയെ ധൃതി പിടിച്ച് മാറ്റിയ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം ശരിയായില്ലെന്നും പട്നായിക് കൂട്ടിച്ചേർത്തു. അതേസമയം സിവിസി അന്വേഷണത്തിൽ പരാമർശിച്ച ആരോപണത്തോട് പ്രതികരിക്കാൻ വർമയോട് ആവശ്യപ്പെട്ടതിനോടും താൻ യോജിക്കുന്നതായും സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കി. 

ചീഫ് ജസ്റ്റിസിന്‍റെ പ്രതിനിധിയായി സമിതിയിലെത്തിയ ജസ്റ്റിസ് എ കെ സിക്രി, പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരാണ് സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങൾ.

click me!