കുമാരസ്വാമി 25 കോടി കെെക്കൂലി വാങ്ങുന്നതിന്‍റെ വീഡിയോ പുറത്ത് വിടുമെന്ന് ബിജെപി എംഎല്‍എ

By Web TeamFirst Published Feb 9, 2019, 4:49 PM IST
Highlights

കുമാരസ്വാമി കെെക്കൂലി ആവശ്യപ്പെടുന്ന വീഡിയോ തിങ്കളാഴ്ച പുറത്ത് വിടുമെന്ന് ബിജെപി മഹാദേവപുര എംഎല്‍എയായ ലിംബാവലി  പറഞ്ഞു

ബംഗളൂരു: രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കാത്ത കര്‍ണാടകയില്‍ ബിജെപിയും സഖ്യ സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നു. സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നടത്തുന്ന ഓപ്പറേഷന്‍ താമര തുടരുയാണെന്നാണ് കോണ്‍ഗ്രസും ജെഡിഎസും ആരോപിക്കുന്നത്. അതിനെ സാധൂകരിക്കുന്ന തെളിവുകളും സഖ്യ സര്‍ക്കാരിലെ നേതാക്കള്‍ പുറത്ത് വിട്ടിരുന്നു.

കർണാടകത്തിൽ വിപ്പ് ലംഘിച്ച നാല് എംഎൽഎമാരെ അയോഗ്യരാക്കണമെന്നാണ് കോൺഗ്രസ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂറുമാറ്റ നിരോധനനിയമപ്രകാരം നടപടിയാവശ്യപ്പെട്ട് സ്പീക്കർക്ക് കോൺഗ്രസ് കത്ത് നൽകുകയും ചെയ്തു. മുതിർന്ന നേതാവും മന്ത്രിയുമായ രമേഷ് ജർക്കിഹോളി, ഉമേഷ് ജാദവ്, ബി നാഗേന്ദ്ര, മഹേഷ് കുമട്ടളളി എന്നീ എംഎൽഎമാർക്കെതിരെയാണ് കോൺഗ്രസ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

അതോടൊപ്പം ജെഡിഎസ് എംഎൽഎയെ സ്വാധീനിക്കാൻ പ്രതിപക്ഷ നേതാവ് ബി എസ് യെദ്യൂരപ്പ ശ്രമിച്ചെന്ന ആരോപണവുമായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും രംഗത്തെത്തി. ഗുർമിത്കൽ എംഎൽഎ നഗന ഗൗഡയുടെ മകനും യെദ്യൂരപ്പയും തമ്മിലുളള ഫോൺ സംഭാഷണമാണ് കുമാരസ്വാമി പുറത്തുവിട്ടത്. ശരണയുടെ അച്ഛന് 25 ലക്ഷം രൂപയും മന്ത്രി പദവിയും വാഗ്ദാനം ചെയ്യുന്നതാണ് ശബ്ദരേഖ.

ഇതോടെ പ്രതിരോധത്തിലായ ബിജെപി മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ കടുത്ത ആക്ഷേപങ്ങളുമായാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. കുമാരസ്വാമി കെെക്കൂലി ആവശ്യപ്പെടുന്ന വീഡിയോ തിങ്കളാഴ്ച പുറത്ത് വിടുമെന്ന് ബിജെപി മഹാദേവപുര എംഎല്‍എയായ ലിംബാവലി  പറഞ്ഞു. ലെജിസ്‍ലേറ്റീവ് കൗണ്‍സില്‍ സീറ്റുകള്‍ വാഗ്ദാനം ചെയ്ത് 25 കോടി രൂപ കുമാരസ്വാമി ആവശ്യപ്പെട്ടെന്നാണ് ആക്ഷേപം. കര്‍ണാടക നിയമസഭയില്‍ ഇതിന്‍റെ വീഡിയോ പുറത്ത് വിടുമെന്നാണ് ലിംബാവലി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. 

click me!