വദ്രയെ മൂന്നാം ദിവസവും ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്‍റ്; ഇതുവരെ ചോദ്യം ചെയ്തത് 14 മണിക്കൂർ

By Web TeamFirst Published Feb 9, 2019, 4:48 PM IST
Highlights

ദില്ലി ജാംനഗറിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിൽ തുടർച്ചയായ മൂന്നാം ദിവസമാണ് വദ്രയെ ചോദ്യം ചെയ്യുന്നത്. വിദേശത്ത് വാങ്ങിയ അനധികൃതസ്വത്തുക്കളുടെ പേരിലാണ് തുടർച്ചയായ ചോദ്യം ചെയ്യൽ.

ദില്ലി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെ തുടർച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. വിദേശത്ത് വാങ്ങിയ അനധികൃതസ്വത്തുക്കളുടെ പേരിലാണ് തുടർച്ചയായ ചോദ്യം ചെയ്യൽ. തുടർച്ചയായ മൂന്ന് ദിവസം 14 മണിക്കൂറാണ് വദ്രയെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തത്. 

ഇന്ന് രാവിലെ പത്തേമുക്കാലോടെ സ്വകാര്യവാഹനത്തിലാണ് റോബർട്ട് വദ്ര ദില്ലിയിലെ എൻഫോഴ്സ്മെന്‍റ് ഓഫീസിലെത്തിയത്. ആദ്യദിവസം അഞ്ചരമണിക്കൂറാണ് വദ്രയെ ചോദ്യം ചെയ്തതെങ്കിൽ രണ്ടാം ദിവസം ഒൻപത് മണിക്കൂറാണ് എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തത്. പ്രതിരോധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് മൂന്നാം ദിനം എൻഫോഴ്സ്മെന്‍റ് ചോദിച്ചതെന്നാണ് സൂചന.

വദ്രയുടെ ഉമടസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ജീവനക്കാരന്‍ മനോജ് അറോറയുടെ പേരിൽ വാങ്ങിയ സ്വത്തുക്കളുടെ കരാറുകൾ ഹാജരാക്കാൻ എൻഫോഴ്സ്മെന്‍റ് വദ്രയോട് ആവശ്യപ്പെട്ടു.എന്നാൽ ലണ്ടനില്‍ തന്‍റെ പേരില്‍ സ്വത്തുക്കളില്ലെന്നും മനോജ് അറോറയുമായി ബിസിനസ് ബന്ധങ്ങളില്ലെന്നുമാണ് വദ്ര ആവര്‍ത്തിച്ചത്. അടുത്ത ആഴ്ച വാദ്രയെ ചോദ്യം ചെയ്യുന്നത് തുടരാനാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ തീരുമാനം.

click me!