'ദേവഗൗഡ ഉടന്‍ മരിക്കും, ജെഡിഎസ് ചരിത്രമാകും'; ബിജെപി എംഎല്‍എയുടെ ഓഡിയോ ക്ലിപ്പ് പുറത്ത്; വിവാദം

By Web TeamFirst Published Feb 13, 2019, 4:57 PM IST
Highlights

ബിജെപി എംഎല്‍എ പ്രീതം ഗൗഡയുടേതെന്ന രീതിയിലാണ് പുതിയ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി കൂടെയായ ദേവഗൗഡയെയും മകനും മുഖ്യമന്ത്രിയുമായ കുമാരസ്വാമിയെയും അപകീര്‍ത്തിപ്പെടുത്തുന്ന വാക്കുകളാണ് ക്ലിപ്പില്‍ പ്രീതം ഉപയോഗിക്കുന്നത്

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയില്‍ ആരംഭിച്ച രാഷ്ട്രീയ നാടകങ്ങള്‍ക്ക് അവസാനമാകുന്നില്ല. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നടത്തുന്ന ഓപ്പറേഷന്‍ താമര തുടരുകായണെന്നാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും കൂട്ടരും  ആരോപിക്കുന്നത്.

അതിനെ സാധൂകരിക്കുന്ന തെളിവുകളും സഖ്യ സര്‍ക്കാരിലെ നേതാക്കള്‍ പുറത്ത് വിട്ടിരുന്നു.  ജെഡിഎസ് എംഎൽഎയെ സ്വാധീനിക്കാൻ പ്രതിപക്ഷ നേതാവ് ബി എസ് യെദ്യൂരപ്പ ശ്രമിച്ചെന്ന ആരോപണവുമായി കുമാരസ്വാമി തന്നെയാണ് രംഗത്തെത്തിയത്.

ഗുർമിത്കൽ എംഎൽഎ നഗന ഗൗഡയുടെ മകനും യെദ്യൂരപ്പയും തമ്മിലുളള ഫോൺ സംഭാഷണം മുഖ്യമന്ത്രി പുറത്ത് വിടുകയായിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ കുമാരസ്വാമി കെെക്കൂലി ചോദിക്കുന്ന വീഡ‍ിയോ പുറത്ത് വിടുമെന്ന് ബിജെപി തിരിച്ചടിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ബിജെപിയെ വെട്ടിലാക്കുന്ന മറ്റൊരു ഓഡിയോ ക്ലിപ്പാണ് പുറത്ത് വന്നിരിക്കുന്നത്.

ബിജെപി എംഎല്‍എ പ്രീതം ഗൗഡയുടേതെന്ന രീതിയിലാണ് പുതിയ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി കൂടെയായ ദേവഗൗഡയെയും മകനും മുഖ്യമന്ത്രിയുമായ കുമാരസ്വാമിയെയും അപകീര്‍ത്തിപ്പെടുത്തുന്ന വാക്കുകളാണ് ക്ലിപ്പില്‍ പ്രീതം ഉപയോഗിക്കുന്നത്. ഒരു ജെഡിഎസ് എംഎല്‍എയുടെ മകനുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമാണ് പുറത്ത് വന്നത്.

ഇതില്‍ ദേവഗൗഡ ഉടന്‍ മരിക്കുമെന്നും ജെഡിഎസ് ചരിത്രമാകുമെന്നും എംഎല്‍എ പറയുന്നുണ്ട്. ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പയുമായി ചേര്‍ന്നാണ് പ്രീതം ഗൗഡ ഇക്കര്യങ്ങളെല്ലാം പറഞ്ഞതെന്നാണ് കുമാരസ്വാമിയുടെ ആരോപണം. കര്‍ണാടക മാധ്യമങ്ങള്‍ ഈ ഓഡ‍ിയോ ക്ലിപ്പ് പുറത്ത് വിട്ടതോടെ ഹസന്‍ നഗരത്തിലെ പ്രീതം ഗൗഡയുടെ വീട് ജെഡിഎസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.

അക്രമത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന് പരിക്കേറ്റിട്ടുണ്ട്. വിഷയത്തില്‍ പ്രതിഷേധം നടത്തേണ്ടെന്ന് കുമാരസ്വാമി പ്രവര്‍ത്തര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, തന്‍റെ കുടുംബാംഗങ്ങളെ കൊലപ്പെടുത്താനാണ് ജെഡിഎസ് ശ്രമിച്ചതെന്ന് പ്രീതം ഗൗഡ പറഞ്ഞു. എംഎല്‍എയെ ആക്രമിച്ച സംഭവം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‍നാഥ് സിംഗിനെ ധരിപ്പിക്കുമെന്ന് യെദ്യൂരപ്പയും വ്യക്തമാക്കി. 

click me!