ബിജെപി സമ്മര്‍ദം മൂലം ജിഗ്നേഷ് മേവാനിയുടെ പരിപാടി റദ്ദാക്കി; രാജിവെച്ച് പ്രിന്‍സിപ്പാളിന്‍റെ പ്രതിഷേധം

By Web TeamFirst Published Feb 12, 2019, 8:25 PM IST
Highlights

ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളുടെ സമ്മര്‍ദം മൂലം  കോളജ് മാനേജ്മെന്‍റായ ബ്രഹ്മചാരി വാദി  ട്രസ്റ്റ് മേവാനിയെ പങ്കെടുപ്പിക്കുന്നതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു

അഹമ്മദാബാദ്: സ്വതന്ത്ര എംഎല്‍എയും ദളിത് ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മേവാനി പങ്കെടുക്കാനിരുന്ന പരിപാടി ബിജെപി സമ്മര്‍ദം മൂലം റദ്ദാക്കി. ജിഗ്നേഷ് മേവാനി പൂര്‍വ വിദ്യാര്‍ഥിയായിട്ടുള്ള എച്ച് കെ ആര്‍ട്ട്സ് കോളജിലാണ് സംഭവം. ഇതില്‍ പ്രതിഷേധിച്ച് കോളിജിന്‍റെ പ്രിന്‍സിപ്പാളും വെെസ് പ്രിന്‍സിപ്പാളും രാജിവെച്ചു.

ബി ആര്‍ അംബേദ്കറിന്‍റെയും ഭഗത് സിംഗിന്‍റേയും ജീവിതത്തെപ്പറ്റിയുള്ള സംവാദത്തിനാണ് പ്രസിന്‍സിപ്പാള്‍ മേവാനിയെ ക്ഷണിച്ചിരുന്നത്. എന്നാല്‍, ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളുടെ സമ്മര്‍ദം മൂലം  കോളജ് മാനേജ്മെന്‍റായ ബ്രഹ്മചാരി വാദി  ട്രസ്റ്റ് മേവാനിയെ പങ്കെടുപ്പിക്കുന്നതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.

ജിഗ്നേഷ് മേവാനി പങ്കെടുക്കുകയാണെങ്കില്‍ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ട്രസ്റ്റ് അംഗങ്ങളെ ചില വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിയതായും രാജിവെച്ച പ്രിന്‍സിപ്പാള്‍ ഹേമന്ത് ഷാ ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി. ബി വി ജോഷി, കുംപ്രാല്‍ ദേശായി എന്നിങ്ങനെ പ്രമുഖരായവര്‍ ഉള്‍പ്പെടുന്ന ട്രസ്റ്റിനെ മേവാനി പങ്കെടുക്കുന്ന പരിപാടി റദ്ദ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും ഹേമന്ത് പറഞ്ഞു.

എല്ലാവര്‍ക്കും അവരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ രാജ്യത്ത് അവകാശമുണ്ടെന്നാണ് തന്‍റെ രാജിക്കത്തില്‍ ഹേമന്ത് കുറിച്ചിരിക്കുന്നത്. രാഷ്ട്രീയ സമ്മര്‍ദം മൂലം ആ സ്വന്ത്ര്യത്തെ തടയുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം രാജിക്കത്തില്‍ വിമര്‍ശിച്ചു.

ഇതിനിടെ പ്രിന്‍സിപ്പാളിന് പിന്തുണയുമായി ജിഗ്നേഷ് മേവാനി രംഗത്ത് വന്നു. ട്രസ്റ്റിന്‍റെ തീരുമാനത്തെ നട്ടെല്ല് ഇല്ലായ്മ എന്നാണ് മേവാനി വിശേഷിപ്പിച്ചത്. ബിജെപി ഗുണ്ടകളുടെ ഭീഷണി മൂലമാണ് എച്ച് കെ ആര്‍ട്ട്സ് കോളജില്‍ താന്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടി റദ്ദ് ചെയ്തത്. രാജിവെച്ച് പ്രതിഷേധിച്ച പ്രിന്‍സിപ്പാളിനെ സല്യൂട്ട് ചെയ്യുന്നെന്നും മേവാനി ട്വിറ്ററില്‍ കുറിച്ചു. 

click me!