ശബരിമല: പിന്നോട്ടില്ലെന്ന് ബിജെപി, തീർത്ഥാടനം അട്ടിമറിക്കുന്നുവെന്ന് യുഡിഎഫ്, നിലപാടിലുറച്ച് സര്‍ക്കാര്‍

By Web TeamFirst Published Nov 29, 2018, 1:08 PM IST
Highlights

മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്ന് രണ്ടാഴ്ച പിന്നിടുമ്പോള്‍ യുവതീ പ്രവേശന വിഷയത്തില്‍ നിന്ന് മാറിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ശബരിമലയില്‍ സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും യുഡിഎഫ് സര്‍ക്കാറിനെതിരായി ആയുധമാക്കുമ്പോള്‍ സര്‍ക്കാറിനെതിരായ സമരത്തിനൊപ്പം യുവതീ പ്രവേശന വിഷയവും ബിജെപി മുറുകെ പിടിക്കുന്നു.

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്ന് രണ്ടാഴ്ച പിന്നിടുമ്പോള്‍ യുവതീ പ്രവേശന വിഷയത്തില്‍ നിന്ന് മാറിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ശബരിമലയില്‍ സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും യുഡിഎഫ് സര്‍ക്കാറിനെതിരായി ആയുധമാക്കുമ്പോള്‍ സര്‍ക്കാറിനെതിരായ സമരത്തിനൊപ്പം യുവതീ പ്രവേശന വിഷയവും ബിജെപി മുറുകെ പിടിക്കുന്നു.

ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസം നിയമസഭ സ്തംഭിപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. ശബരിമലയിലെ നിയന്ത്രണങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് സമരം. സർക്കാർ ശബരിമല തീർത്ഥാടനം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാറിനെതിരായ പ്രതിഷേധം തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി. നിരോധനാജ്ഞ പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിക്കുന്നു. 

യുവതീ പ്രവേശന വിഷയം ഇപ്പോഴില്ല. അക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കിയിട്ടുണ്ട്. യുവതികളാരും ദര്‍ശനത്തിനെത്തുന്നില്ല. ഈ സാഹചര്യത്തില്‍ അനാവശ്യമായ നിയന്ത്രണങ്ങള്‍ എടുത്തുകളയണം. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് പ്രത്യേകം വാര്‍ത്താ സമ്മേളനം വിളിച്ച് ആവശ്യപ്പെട്ടു.

അതേസമയം ശബരിമല യുവതീപ്രവേശന വിധിക്കെതിരായ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ബിജെപി വ്യക്തമാക്കുന്നത്.
ശബരിമല പ്രശ്നത്തിലെ സമരത്തിൽ നിന്ന് പിന്നോട്ടില്ല. ബിജെപി ലക്ഷ്യം കൈവരിക്കും വരെ സമരം ചെയ്യും. നിരോധനാജ്ഞ പിൻവലിക്കണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. ആചാര സംരക്ഷണത്തിനായി ഭക്തര്‍ക്കൊപ്പം നിലകൊള്ളും ശബരിമലയിലെ നിയന്ത്രണങ്ങള്‍ എടുത്തുകളയും വരെ സമരം തുടരുമെന്നു ശ്രീധരന്‍ പിള്ള വ്യക്തമാക്കുന്നു.

എന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആദ്യമെടുത്ത നിലപാടില്‍ ഉറിച്ചു നില്‍ക്കുകയാണ്. സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന സര്‍ക്കാര്‍ നിലപാടിന് മുന്നണിയിലെ മറ്റ് പാര്‍ട്ടികളുടെ പിന്തുണയുമുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇന്നലെ മറുപടി നല്‍കിയതാണെന്നും അടിയന്തരപ്രമേയം അനുവദിക്കാന്‍ പോലുമില്ലാത്ത വിഷയത്തില്‍ ചോദ്യോത്തരവേള റദ്ദ് ചെയ്ത്  അവതരണാനുമതി നല്‍കേണ്ടതില്ലെന്നായിരുന്നു  മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ വ്യക്തമാക്കിയത്.

വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും ആവശ്യമായ എല്ലാ നടപടികളും ശബരിമലയില്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിരോധനാജ്‍ഞയടക്കമുള്ള നിയന്ത്രണങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം സഭയിലെ പ്രതിഷേധത്തില്‍ പ്രതിപക്ഷത്തിനെതിരെ ദേവസ്വംമന്ത്രി യും രംഗത്തെത്തി. ശബരിമലയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ആദ്യം ഉന്നയിച്ച  പ്രശ്നത്തിൽ നിന്ന് യുഡിഎഫ് ഓടി ഒളിക്കുന്നതിന്‍റെ തെളിവാണ്  നിയമസഭയില്‍ കണ്ടത് എന്നായിരുന്നു കടകംപള്ളിയുടെ വിമര്‍ശനം.
 

click me!