
മുംബൈ: തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി മതത്തെ കൂട്ടുപിടിക്കുന്നുവെന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന മേധാവി രാജ് താക്കറേ. ഹിന്ദുവും മുസ്ലീമും തമ്മിൽ വിഭാഗീയത സൃഷ്ടിച്ച് വോട്ട് നേടാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് രാജ് താക്കറെയുടെ വിമർശനം. മുംബൈയിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു താക്കറേ. ''ഇപ്പോഴത്തെ സർക്കാരിന് ചർച്ച ചെയ്യാൻ പുതിയ പ്രതിസന്ധികളൊന്നും ഇല്ലാത്തതിനാൽ അവർ ഹിന്ദുവും മുസ്ളീമും തമ്മിൽ വ്യത്യാസം സൃഷ്ടിച്ച് വോട്ട് നേടാൻ ശ്രമിക്കുന്നു.'' താക്കറേ പറഞ്ഞു.
രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് കലാപം സൃഷ്ടിക്കാനാണ് കേന്ദ്ര ഗവൺമെന്റ് ശ്രമിക്കുന്നതെന്ന് ഓൾ ഇന്ത്യ മജിലിസ് ഇ ഇറ്റെഹാദുൾ മുസ്ലിമീൻ മേധാവി ആസാസുദ്ദീൻ ഒവൈസി പറഞ്ഞതായും താക്കറേ പരാമർശിച്ചു. ''രാമക്ഷേത്രം തീർച്ചയായും നിർമ്മിക്കണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം നിർമ്മിക്കണമെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടല്ല എന്റേത്. തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര നിർമ്മാണം നടത്തിയാലും ഞാനത് ശ്രദ്ധിക്കില്ല.'' താക്കറേ പറയുന്നു
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിൽ മഹാരാഷ്ട്ര സർക്കാർ കൂടുതൽ ശ്രദ്ധ നൽകണമെന്നും താക്കറേ പറഞ്ഞു. ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് മാത്രമല്ല, മഹാരാഷ്ട്രയിലെ തൊഴിലില്ലാത്ത യുവാക്കൾക്കും മുൻഗണന നൽകണം. കുടിയേറ്റക്കാർ ധാരാളമായി എത്തിച്ചേരുന്നത് മൂലം സംസ്ഥാനത്ത് തൊഴിലില്ലായ്മ വർദ്ധിക്കുകയാണ്. ഇത് ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ട കാര്യമാണെന്നും രാജ് താക്കറേ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam