ദുരിതാശ്വാസ ക്യാമ്പിലും വീട്ടമ്മമാരെ വേട്ടയാടി വട്ടിപലിശക്കാര്‍

By Web TeamFirst Published Aug 21, 2018, 3:42 PM IST
Highlights

പണം തിരിച്ചടക്കാന്‍ സാവകാശം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ പ്രതികരണം അപ്രതീക്ഷിതമായിരുന്നു

കോഴിക്കോട്: ഈ പ്രളയകാലത്തുപോലും കോഴിക്കോട് ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് വട്ടിപലിശക്കാരുടെ ഭീഷണിയില്‍നിന്ന് മോചനമില്ല. കോഴിക്കോട് കണ്ണപ്പന്‍കുണ്ടിലെ ദുരിതബാധിതരായ സ്ത്രീകളെയാണ് തിരിച്ചടക്കാനുള്ള പണത്തിന്‍റെ പേരില്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍  സമ്മര്‍ദ്ദത്തിലാക്കുന്നത്.

കണ്ണപ്പന്‍കുണ്ടിലെ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന സുഹ്റയുടെ വസ്ത്ര സ്ഥാപനവും തകര്‍ന്നു. ഇതോടെ ഉപജീവനവും പ്രതിസന്ധിയിലായി. സ്ഥാപനത്തിന്‍റെ നടത്തിപ്പിനായി അടിവാരത്തെ എസ്കെഎസ് ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് രണ്ട് മാസം മുന്‍പ് 30000 രൂപ ഒരു വര്‍ഷത്തേക്ക് സുഹ്റ കടമെടുത്തിരുന്നു. ആഴ്ചതോറും 650 രൂപ തിരിച്ചടക്കണം. ഉരുള്‍പൊട്ടി ജീവിതം വഴിമുട്ടിയതോടെ തിരിച്ചടവ് മുടങ്ങി. 

ക്യാമ്പില്‍ അഭയം തേടിയ സുഹ്റയെ പക്ഷേ വട്ടിപലിശക്കാര്‍ വെറുതെ വിടുന്നില്ല. വായ്പയെടുത്തവരുടെ ബന്ധുക്കളെന്ന രീതിയില്‍ കളക്ഷന്‍ ഏജന്‍റുമാരുമായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ബന്ധപ്പെട്ടു. പണം തിരിച്ചടക്കാന്‍ സാവകാശം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു മറുപടി. സുഹ്റ മാത്രമല്ല ഷീജ, ലൈസ തുടങ്ങി ഇതേ സ്ഥാപനത്തില്‍ നിന്നും വായ്പയെടുത്ത വീട്ടമ്മമാരൊക്കെ  സമാനമായ അവസ്ഥയിലാണ്.

അതേ സമയം വായ്പയെടുത്തവരുടെ അവസ്ഥ മനസിലാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കളക്ഷന്‍ ഏജന്‍റുമാരെ ക്യാമ്പുകളിലേക്ക് അയച്ചതെന്നാണ് എസ്എംഎല്‍ യൂണിറ്റ് മാനേജര്‍ എം ഷിബുവിന്‍റെ പ്രതികരണം. എസ്കെഎസ്എന്ന സ്ഥാപനത്തിന്‍റെ പ്രതികരണം തേടിയെങ്കിലും ലഭ്യമായില്ല.

ഓപ്പറേഷന്‍ കുബേര പാളിയതോടെ ബ്ലേഡ് പലിശക്കാരുടെ മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം അയഞ്ഞതാണ് ഒരു പരിധിവരെ ഈയവസ്ഥക്ക് കാരണം. പ്രളയക്കാലത്തും ആളുകളുടെ കഴുത്തറക്കുന്ന ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടി  സ്വീകരിക്കുകയാണ് വേണ്ടത്.
 

click me!