
കൊച്ചി: കൊച്ചി പുറങ്കടലിൽ കപ്പലിടിച്ച് മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ അന്വേഷണം നിലച്ചു. അപകടം നടന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും കാണാതായ ഏഴ് മത്സ്യത്തൊഴിലാളികളെക്കുറിച്ച് യാതൊരു വിവരവുമില്ല. സംസ്ഥാനം നേരിട്ട പ്രളയക്കെടുതിക്കിടെ മൽസ്യത്തൊഴിലാളികൾക്കായുളള തിരച്ചിലാണ് എവിടെയും എത്താതെ അവസാനിച്ചിരിക്കുന്നത്.
കൊച്ചി തീരത്ത് നിന്ന് 24 നോട്ടിക്കൽ മാറി ഇക്കഴിഞ്ഞ ഏഴിനാണ് അപകടം നടന്നത്. ഷിപ്പിങ് കോർപറേഷന്‍റെ ഉടമസ്ഥതയിലുളള ദേശശക്തി എന്ന എണ്ണക്കപ്പലിടിച്ചാണ് ഓഷ്യാനിക് ബോട്ട് തകർന്നതെന്ന് വ്യക്തമായി. കാണാതായ 12 മത്സ്യത്തൊഴിലാളികളിൽ അഞ്ചു പേരുടെ മൃതദേഹം കണ്ടെടുത്തു. ദേശശക്തിയുടെ ക്യാപ്ടനടക്കം മൂന്നുപേരെ അറസ്റ്റ്ചെയ്ത് ജാമ്യത്തിലും വിട്ടു.
സംസ്ഥാനം നേരിട്ട പ്രളയക്കെടുതിക്കിടെ തുടർ അന്വേഷണം നിലയ്ക്കുകയായിരുന്നു. പൊലീസുദ്യോഗസ്ഥരടക്കമുളളവരെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അയച്ചു. നാവിക സേനയുടെ സോണാർ പരിശോധനയിൽ 70 മീറ്റർ ആഴത്തിൽ അടിത്തട്ടിൽ ബോട്ട് കണ്ടെത്തിയിരുന്നു. കാണാതായ ഏഴ് മത്സ്യത്തൊഴാലാളികൾ ഇതിനുളളിലുണ്ടാകാമെന്നാണ് സംശയിക്കുന്നത്.
എഴുപത് മീറ്റർ ആഴത്തിൽ പോയി ബോട്ട് പരിശോധിക്കാനുളള സംവിധാനം നിലവിൽ അന്വേഷണ ഏജൻസികൾക്കില്ല. ഇതിനായി കോസ്റ്റുഗാർഡ് ഒഎൻജിസിയുടെ സാങ്കേതിക സഹായം തേടിയിട്ടുണ്ട്. എന്നാൽ, ഇത്രയും ആഴത്തിൽ ക്യാമറകൾ അയച്ച പരിശോധിക്കാനുളള സംവിധാനമേ ഒഎൻജിസിക്കുമുളളു.
കടലിന്‍റെ അടിത്തട്ടിൽ നിന്ന് തകർന്ന കപ്പലുകളും ബോട്ടുകളും ഉയർത്തി നൽകുന്ന വിദേശ കമ്പനിയെ സംസ്ഥാന സർക്കാരിന്‍റെ അനുമതിയുടെ സമീപിക്കാനാണ് ആലോചന. ഇതിനായുളള ഭാരിച്ച ചെലവ് ആരു വഹിക്കുമെന്നതിലും ആശയക്കുഴപ്പമുണ്ട്. കേരള തീരത്ത് ബോട്ടിൽ കപ്പലിടിച്ചുണ്ടായ ഏറ്റവും വലിയ അപകടത്തിലാണ് ഏഴു മൽസ്യത്തൊഴിലാളികളെപ്പറ്റി ഇപ്പോഴും യാതൊരു വിവരവുമില്ലാത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam