സ്വന്തം പ്രതിമയ്ക്ക് ഖജനാവിലെ പണമെന്തിന്? ചെലവായ പണം തിരിച്ചടയ്ക്കണ്ടി വരുമെന്ന് മായാവതിയോട് സുപ്രീംകോടതി

By Web TeamFirst Published Feb 8, 2019, 12:37 PM IST
Highlights

ഉത്തർപ്രദേശിലെമ്പാടും പ്രതിമകൾ സ്ഥാപിക്കാൻ ചെലവിട്ട പൊതുഖജനാവിലെ പണം മായാവതി തിരിച്ചടയ്ക്കേണ്ടി വരുമെന്ന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം.

ദില്ലി: ബിഎസ്‍‍പി അധ്യക്ഷ മായാവതിയ്ക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഉത്തർപ്രദേശിലെ അംബേദ്കർ സാമാജിക് പരിവർത്തൻ സ്ഥൽ എന്ന അംബേദ്കർ പാർക്കിലും മറ്റ് പൊതുസ്ഥലങ്ങളിലും അംബേദ്കറിന്‍റെയും കൻഷിറാമിന്‍റെയും പ്രതിമകൾക്കൊപ്പം സ്വന്തം പ്രതിമകളും കൂടി വച്ചതിനാണ് മായാവതിയ്ക്ക് സുപ്രീംകോടതിയിൽ നിന്ന് രൂക്ഷവിമർശനം കേൾക്കേണ്ടി വന്നത്. 

ഒരു രാഷ്ട്രീയപാർട്ടിയുടെയും നേതാക്കളുടെയും പ്രചാരണത്തിനായി പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് തെറ്റാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. പണം മായാവതിയ്ക്ക് തിരിച്ചടയ്ക്കേണ്ടി വരുമെന്നാണ് പ്രഥമദൃഷ്ട്യാ ‍നിരീക്ഷിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചിൽ ജസ്റ്റിസ് ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരാണ് അംഗങ്ങൾ. കേസിൽ ഇനി ഏപ്രിൽ രണ്ടിന് വാദം കേൾക്കും. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മെയ് മാസത്തിലേക്ക് കേസിന്‍റെ വാദം മാറ്റണമെന്ന് മായാവതിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. 

ബിഎസ്പി അധികാരത്തിലിരുന്ന 2006-ലാണ് ഉത്തർപ്രദേശിലെമ്പാടും നിരവധി പ്രതിമകൾ സ്ഥാപിക്കാൻ മായാവതി തീരുമാനിച്ചത്. സാമൂഹ്യപരിഷ്കർത്താക്കളുടെ പ്രതിമകൾക്കൊപ്പം മായാവതിയുടെ പ്രതിമകളും വച്ചത് അന്നേ വിവാദമായി. പ്രതിമാനിർമാണക്കരാറുകളിൽ 1400 കോടി രൂപയുടെ അഴിമതി നടന്നെന്ന് ലോകായുക്ത കണ്ടെത്തുകയും ചെയ്തിരുന്നു.

 

click me!