ശബരിമല: സംസ്ഥാനസർക്കാരിന്‍റെ ഹർജികൾ സുപ്രീംകോടതി ഉടൻ പരിഗണിക്കില്ല

By Web TeamFirst Published Dec 7, 2018, 11:26 AM IST
Highlights

ശബരിമലയിൽ മൂന്നംഗനിരീക്ഷണസമിതിയ്ക്കെതിരായ ഹർജി ഉടൻ പരിഗണിയ്ക്കണമെന്നാണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. 

ദില്ലി:  ശബരിമലയിൽ മൂന്നംഗനിരീക്ഷണസമിതിയ്ക്കെതിരായ ഹർജി ഉടൻ പരിഗണിയ്ക്കണമെന്ന സംസ്ഥാനസർക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി. സാധാരണ ക്രമത്തില്‍ മാത്രമേ കേസ് പരിഗണിക്കാനാകൂവെന്നും സുപ്രീംകോടതി അറിയിച്ചു. 

ശബരിമലയുമായി ബന്ധപ്പെട്ട ഹർജികൾ നേരത്തെ പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി പറഞ്ഞിരുന്നു. ജനുവരിയിലാണ് കേസിന്‍റെ വാദം തീരുമാനിച്ചിരിയ്ക്കുന്നത്. റിട്ട്, റിവ്യൂ ഹർജികളടക്കം ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജനുവരിയിൽ മാത്രമേ പരിഗണിക്കൂ എന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്. 

ശബരിമല കേസുമായി ബന്ധപ്പെട്ട് രണ്ട് പുതിയ ഹര്‍ജികളാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നത്. ഒന്ന്, ശബരിമല കേസുകള്‍ കേരളാ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി പരിഗണിക്കണമെന്നതാണ്. രണ്ട്, ശബരിമലയിലെ സാഹചര്യങ്ങള്‍  നിരീക്ഷിക്കാനായി മൂന്നംഗ സമിതിയെ നിയോഗിച്ചത് പ്രായോഗികമല്ലെന്ന ഹ‍ർജി.  സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഈ രണ്ട് ഹര്‍ജികളും വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പാക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്‍റെ ആവശ്യം. 

കേസ് വേഗത്തില്‍ പരിഗണിക്കാനാകില്ലെന്നും സാധാരണ ക്രമത്തില്‍ മാത്രമേ പരിഗണിക്കാന്‍ പറ്റൂവെന്നും സുപ്രീംകോടതി അറിയിച്ചതോടെ ക്രിസ്മസ് അവധിക്ക് മുമ്പായി കേസ് പരിഗണിക്കില്ലെന്ന് ഉറപ്പായി. അവധിക്ക് ശേഷം ഇനി ജനുവരി 10 ന് ശേഷം മാത്രമേ കോടതി തുറക്കൂ.


 

click me!