
തിരുവനന്തപുരം: കേരളാ മെഡിക്കൽ-എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ വിജയിക്കുന്നവർ മാത്രം ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ നൽകിയാൽ മതിയെന്ന സർക്കാർ തീരുമാനം ഇത്തവണയും നടപ്പായില്ല. എൻട്രൻസ് കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രോസ്പെക്ടസ് പ്രകാരം ഇത്തവണയും പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ സർട്ടിഫിക്കറ്റുകൾ എല്ലാം അപ്‍ലോഡ് ചെയ്യണമെന്നാണ് നിബന്ധന. ഇതോടെ 2017ൽ റവന്യു വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ എടുത്ത സുപ്രധാന തീരുമാനമാണ് നടപ്പാകാതെ പോകുന്നത്.
എൻട്രൻസ് പരീക്ഷ എഴുതുന്നതിന് അപേക്ഷയോടൊപ്പം ജാതി, വരുമാന, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടി വരുന്നതിലെ പ്രയാസം നിരവധി തവണ വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് വിലയിരുത്താനായി 2017 ഫെബ്രുവരിയിൽ റവന്യു മന്ത്രി, എൻട്രൻസ് കമ്മീഷണർ, സർവ്വീസ് സംഘടനാ പ്രതിനിധികൾ എന്നിവർ യോഗം ചേർന്നു. തുടർന്ന് വില്ലേജ് ഓഫീസുകളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം നൽകിയാൽ മതിയെന്ന് യോഗത്തിൽ തീരുമാനമെടുത്തു.
സർട്ടിഫിക്കറ്റുകൾക്കായി ആയിരക്കണക്കിന് കുട്ടികൾ ഒരുമിച്ച് സാമ്പത്തിക വർഷാവസാനത്തിൽ വില്ലേജ് ഓഫീസിലെത്തുന്നത് പ്രതിസന്ധിയുണ്ടാക്കുന്നതായി വില്ലേജ് ഓഫീസ് അധികൃതരും അന്ന് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ തീരുമാനം എടുത്ത സമയത്ത് തന്നെ അത് നടപ്പാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ അന്നത്തെ എൻട്രൻസ് കമ്മീഷണർ റവന്യു മന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു.
അതേസമയം വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ഇത്തവണ രേഖകൾ ഹാജരാക്കാൻ രജിസ്ട്രേഷൻ കഴിഞ്ഞ് ഒരു മാസം കൂടി കാലാവധി നീട്ടി നൽകിയിട്ടുണ്ടെന്ന് പരീക്ഷ കമ്മീഷണർ പറഞ്ഞു. നീറ്റ് ഉൾപ്പെടെയുള്ള അഖിലേന്ത്യ പരീക്ഷകൾക്കും പി എസ് സി പരീക്ഷകൾക്കും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടാൽ മാത്രം സർട്ടിഫിക്കറ്റുകൾ നൽകിയാൽ മതിയെന്നിരിക്കെയാണ് കേരള മെഡിക്കൽ-എഞ്ചിനിയറിംഗ് എൻട്രസ് പരീക്ഷയിലെ ഈ നിബന്ധന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam