
പട്ന: ഭാര്യയിൽനിന്നും വിവാഹമോചനം വേണമെന്ന തീരുമാനത്തില്‍ ഉറച്ച് ബീഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനും ആർജെഡി നേതാവുമായ തേജ് പ്രതാപ് യാദവ്. പിതാവിന് ജാമ്യം ലഭിക്കുന്നത് വരെ കാത്തിരിക്കാനാവില്ലെന്നും അതൊന്നും തന്റെ പ്രശ്നത്തിനുളള പരിഹാരമല്ലെന്നും തേജ് പ്രതാപ് വ്യക്തമാക്കി.
ഭാര്യ ഐശ്വര്യ റായുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് തേജ് പ്രതാപ് പട്ന കോടതിയിൽ ഹര്‍ജി നല്‍കിയത്. തന്റെ വ്യക്തിത്വത്തെക്കുറിച്ചും മതപരമായ താത്പര്യത്തെക്കുറിച്ചും മോശമായി സംസാരിക്കുകയും തന്നെ ‘മാനസികമായി പീഡിപ്പിക്കുകയുെ ചെയ്യുന്നതായി ഹര്‍ജിയില്‍ തേജ് പ്രതാപ് ആരോപിക്കുന്നു. ഹർജി വാദം കേൾക്കുന്നതിനായി നവംബർ 29ന് മാറ്റി.
തനിക്കൊപ്പം നിൽക്കേണ്ട കുടുംബം പോലും ഐശ്വര്യയെ പിന്തുണച്ചാണ് നിൽക്കുന്നതെന്ന് പ്രതാപ് പറയുന്നു. തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും പിതാവിന് ജാമ്യം എപ്പോൾ കിട്ടുന്നമെന്ന് അറിയില്ലെന്നും എന്നാൽ കാത്തുനിൽക്കുന്നതുകൊണ്ട് തന്റെ പ്രശ്നങ്ങൾക്ക് ശമനമുണ്ടാകില്ലെന്നും പ്രതാപ് കൂട്ടിച്ചേർത്തു. വിവാഹമോചനം സംബന്ധിച്ച് ആരുടേയും ഉപദേശം കേൾക്കാൻ തയ്യാറല്ലെന്നും പ്രതാപ് വ്യക്തമാക്കി.
2018 മേയ് 12നാണ് മുൻ മന്ത്രിയും ആർജെഡി നേതാവുമായ ചന്ദ്രിക റായ് എംഎൽഎയുടെ മകളും ബീഹാർ മുൻ മുഖ്യമന്ത്രി ദറോഗ പ്രസാദ് റായിയുടെ കൊച്ചുമകളുമായ ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്‍റെ വിവാഹം നടന്നത്. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത വിവാഹം വലിയ ആര്‍ഭാടത്തിന്‍റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ബീഹാർ ഗവർണർ സത്യ പാൽ മല്ലിക്, കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ, സമാജ്വാദി പാർട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവ്, മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പടെയുള്ളവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു.
ബീഹാർ നിയമസഭയിൽ മഹുവാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് തേജ് പ്രതാപ് യാദവ്. നവംബർ 2015 മുതൽ ജൂലൈ 2017 വരെ ആരോഗ്യം, പരിസ്ഥിതി, ജലവിഭവ വകുപ്പു മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam