റഫാൽ: കണക്ക് വെളിപ്പെടുത്താനാകില്ല; വെളിപ്പെടുത്തിയാല്‍ ശത്രുരാജ്യങ്ങള്‍ക്ക് സഹായമാകുമെന്നും കേന്ദ്രം

By Web TeamFirst Published Nov 1, 2018, 11:01 AM IST
Highlights

റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി ലഭിച്ചതിന് പിന്നാലെ റഫാൽ വിമാനങ്ങളുടെ വില പൂർണ്ണമായും വെളിപ്പെടുത്താനാകില്ലെന്ന വിശദീകരണവുമായി കേന്ദം

ദില്ലി: റഫാൽ യുദ്ധ വിമാനത്തിൻറെ വില സംബന്ധിച്ച വിവരങ്ങൾ പൂർണ്ണമായി സുപ്രീം കോടതിക്ക് നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചു. വിലവിവരം പുറത്താകുന്നത് ശത്രുരാജ്യങ്ങളെ സഹായിക്കും എന്നാണ് വാദം. അഴിമതി മറയ്ക്കാനുള്ള കേന്ദ്ര നീക്കം ഫലം കാണില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു.

റഫാൽ യുദ്ധവിമാനത്തിൻറെ വില മുദ്രവച്ച കവറിൽ നല്‍കാൻ ഇന്നലെ സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേസിലെ ഈ വഴിത്തിരിന് മുതിർന്ന മന്ത്രിമാർ ഇന്നലെ വിലയിരുത്തി. യുദ്ധവിമാനങ്ങളുടെ അടിസ്ഥാന വില നേരത്തെ പാർലമെൻറിൽ പറഞ്ഞിരുന്നു. അത് കോടതിയിൽ പറയാൻ തടസ്സമുണ്ടാവില്ല. യുപിഎ കാലത്തെക്കാൾ അടിസ്ഥാന വില കുറഞ്ഞു എന്ന് കോടതിയെ അറിയിക്കും. എന്നാൽ അതിനും പുറമെ ഓരോ യുദ്ധവിമാനത്തിലും എന്തൊക്കെ സാങ്കേതിക സൗകര്യങ്ങൾ ഉണ്ടാകും അതിനുള്ള ചിലവ് എന്നിവ കോടതിക്കു മുമ്പാകെയും പറയില്ല. അടിസ്ഥാന വിലയ്ക്കു പുറമെയുള്ള തുക പറയുന്നത് വിമാനത്തിലെ സാങ്കേതിക സൗകര്യങ്ങൾ ശത്രുക്കൾ അറിയാൻ ഇടവരുത്തുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. 

പങ്കാളികളെ സംബന്ധിച്ച വിവരം ആദ്യ വിമാനം ഇന്ത്യയ്ക്ക് കൈമാറിയ ശേഷം ഡാസോ എവിയേഷൻ അറിയിച്ചാൽ മതിയെന്നാണ് ചട്ടം. അതിനാൽ സുപ്രീം കോടതിക്ക് എന്തു വിവരം നല്കാനാകും എന്ന ആശയക്കുഴപ്പവും ഉണ്ട്. ഇതുവരെ റിലയൻസ് ഗ്രൂപ്പ് ഉൾപ്പടെ ഏഴു കമ്പനികളെ നിശ്ചയിച്ച കാര്യം ഡാസോയുടെ വാർത്താക്കുറിപ്പിലുണ്ട്. നൂറോളം കമ്പനികളുമായി ചർച്ചകളും നടക്കുന്നുണ്ട്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും. റഫാൽ വിഷയത്തിൽ കോടതി ഏതു ദിശയിലേക്കാണ് പോകുന്നതെന്ന ആശങ്ക സർക്കാരിൽ പ്രകടമാണ്. വില വെളിപ്പെടുത്താനാവില്ല എന്ന വാദം അഴിമതി മറയ്ക്കാനാണെന്നാണ് കോൺഗ്രസ് വാദം. 

ഇടപാടിലെ തീരുമാനങ്ങള്‍ മാത്രം പരിശോധിക്കുമെന്ന നേരത്തെ വ്യക്തമാക്കിയ കോടതി, വിമാനങ്ങളുടെ വില വിവരങ്ങളും സാങ്കേതിക വിശദാംശങ്ങളും പത്ത് ദിവസത്തിനകം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.  വിവരങ്ങള്‍ നല്‍കാനാവില്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇടപാടില്‍ സി.ബി.ഐ അന്വേഷണത്തിന് കാത്തിരിക്കേണ്ടിവരുമെന്നും കോടതി വിശദമാക്കിയിരുന്നു.

click me!