
കൊച്ചി: സിറോ മലബാർ സഭ സിനഡ് തീരുമാനങ്ങൾ അടങ്ങിയ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധം. കേരള കത്തോലിക്ക സഭ നവീകരണ പ്രസ്‌ഥാനത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. വൈദികർക്കും അൽമായർക്കും സന്യസ്തർക്കും അഭിപ്രായ സ്വാതന്ത്ര്യത്തിന് സിനഡ് വിലക്ക് ഏർപ്പെടുത്തി എന്നാരോപിച്ചാണ് സര്‍ക്കുലര്‍ കത്തിച്ചത്. എറണാകുളം അങ്കമാലി മേജർ ആർച്ചു ബിഷപ്പ് ഹൗസിന് മുന്നിലായിരുന്നു പ്രതിഷേധം.
വൈദികർക്കും കന്യാസ്ത്രീകൾക്കും മുന്നറിയിപ്പുമായാണ് സിനഡ് സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. സിനഡ് തീരുമാനങ്ങള്‍ വിശദീകരിച്ച് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയാണ് പള്ളികളിൽ വായിക്കുന്നതിനായി കുറിപ്പ് പുറത്തിറക്കിയത്. സിറോ മലബാർ സഭയെ പ്രതിസ്ഥാനത്ത് നിർത്തിയ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് വൈദികർക്കും കന്യാസ്ത്രീകൾക്കും മുന്നറിയിപ്പുമായി സിനഡ് രംഗത്തെത്തിയത്. വൈദികർക്കും സന്യസ്തർക്കും കൂച്ചു വിലങ്ങിടുന്ന മാർഗ രേഖ തയ്യാറാക്കാനും സിനഡില്‍ തീരുമാനമായിരുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ കന്യാസ്ത്രീകൾ അച്ചടക്ക നടപടി നേരിട്ടതിനു തൊട്ടു പിന്നാലെയാണ് വിഷയത്തിൽ സഭ നിലപാട് വ്യക്തമാക്കിയത്. സമീപ കാലത്തെ സമരങ്ങളും പ്രതിഷേധങ്ങളും അച്ചടക്കത്തിന്റെ സകല സീമകളും ലംഘിച്ചു. ചില വൈദികരും സന്യസ്തരും സഭാ വിരുദ്ധ ഗ്രൂപ്പുകളുടെ കയ്യിലെ പാവകളായി. അച്ചടക്ക ലംഘനം നടത്തുന്നവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും സിനഡ് വിശദമാക്കി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ശിക്ഷണ നടപടി സ്വീകരിക്കാനും സിനഡ് ശുപാർശ ചെയ്യുന്നു. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവർക്കെതിരെയും സിനഡിന്റെ താക്കീതുണ്ടായിരുന്നു. രൂപത അധ്യക്ഷന്‍റെയോ മേജർ സുപ്പീരിയറുടെയോ അനുമതിയില്ലാതെ ചർച്ചകളിൽ പങ്കെടുക്കുകയോ അഭിമുഖം നൽകുകയോ പാടില്ലെന്നാണ് മുന്നറിയിപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam