ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പ്: തൃണമൂൽ കോൺഗ്രസ് എം പി ക്ക് സിബിഐ നോട്ടീസ്

By Web TeamFirst Published Feb 7, 2019, 7:17 PM IST
Highlights

ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്തയില്‍ വച്ച് സംസ്ഥാന പൊലീസ് സംഘം തടഞ്ഞതോടെ ബംഗാളില്‍ നടന്നത് നാടകീയ സംഭവങ്ങളായിരുന്നു. 

ദില്ലി: ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം പിക്ക് സിബിഐ നോട്ടീസ്. കുനാൽ ഘോഷ് എംപി ഈ മാസം 10ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സിബിഐ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഷില്ലോംഗിലാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നതും ഷില്ലോംഗില്‍ വച്ചാണ്. രാജീവ് കുമാറിനെ ശനിയാഴ്ച സിബിഐ ചോദ്യം ചെയ്യും.

ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്തയില്‍ വച്ച് സംസ്ഥാന പൊലീസ് സംഘം തടഞ്ഞതോടെ ബംഗാളില്‍ നടന്നത് നാടകീയ സംഭവങ്ങളായിരുന്നു. ഇത് കേന്ദ്രവും മമതാ ബാനര്‍ജിയും തമ്മിലുള്ള തുറന്ന യുദ്ധമായി മാറാന്‍ അധികം സമയമെടുത്തില്ല. രാത്രി 9 മണി മുതല്‍ കൊല്‍ക്കത്തയില്‍ മമത സത്യഗ്രഹമിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മമതയെ പിന്തുണച്ച് രംഗത്തെത്തി. 

Read More: ശാരദയും റോസ്‍വാലിയും പിന്നെ മമതയും; ബംഗാളിലെ നാടകങ്ങളുടെ പിന്നിൽ

എന്നാല്‍ ഇതിനെതിരെ സുപ്രീംകോടതിയിലെത്തിയ സിബിഐ, രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുളള അനുമതി വാങ്ങി. രാജീവ് കുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം തുടരാം എന്ന് വ്യക്തമാക്കിയ കോടതി പക്ഷേ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിട്ടുണ്ട്. കേസ് ഈ മാസം ഇരുപതിന് വീണ്ടും പരിഗണിക്കും. 

കൊല്‍ക്കത്തയില്‍ വച്ച് രാജീവ് കുമാറെ ചോദ്യം ചെയ്താല്‍ സുരക്ഷാ പ്രശ്നങ്ങള്‍ നേരിടുമെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. മുന്‍അനുഭവങ്ങളുടെ ബലത്തില്‍ സംസ്ഥാനത്ത് വച്ച് രാജീവ് കുമാറിന്‍റെ മൊഴിയെടുക്കുന്നത് സുരക്ഷാ പ്രശ്നം സൃഷ്ടിക്കുമെന്നും സിബിഐ ചൂണ്ടിക്കാട്ടി. ഈ കാര്യം പരിഗണിച്ച കോടതി രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നത് ഷില്ലോംഗിലെ സിബിഐ ഓഫീസില്‍ വച്ചു മതിയെന്ന് നിര്‍ദേശിക്കുകയായിരുന്നു. 

click me!