വിദ്യാര്‍ത്ഥികള്‍ കന്യാസ്ത്രീ സമരപ്പന്തല്‍ സന്ദര്‍ശിച്ചതിന് സിബിഎസ്ഇ സല്‍സബീല്‍ സ്‌കൂളിനോട് വിശദീകരണം തേടി

By Web TeamFirst Published Nov 23, 2018, 6:13 PM IST
Highlights

പഠനത്തിനൊപ്പം സാമൂഹ്യ പ്രതിബദ്ധത എന്ന മുദ്രാവാക്യവുമായി പ്രവര്‍ത്തിക്കുന്ന സല്‍സബീല്‍ സ്‌കൂളിലെ കുട്ടികള്‍ വര്‍ഷങ്ങളായി നര്‍മദ അടക്കമുള്ള ജനകീയ സമരമുഖങ്ങളിലെ സജീവ സാന്നിധ്യമാണ്. കേരളത്തിലെ നിരവധി ജനകീയ സമരങ്ങളില്‍ ഇവിടത്തെ കുട്ടികള്‍ പങ്കാളികളായിട്ടുണ്ട്. അതിനിടെയാണ് കന്യാസ്ത്രീ സമരത്തിലെ പങ്കാളിത്തം പ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടി സിബിഎസ്ഇ വിശദീകരണം ചോദിച്ചത്. 

കൊച്ചി: കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ കുട്ടികള്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് തൃശൂരിലെ സല്‍സബീല്‍ ഗ്രീന്‍ സ്‌കൂളിനോട് സിബിഎസ്ഇ വിശദീകരണം തേടി. മതസ്പര്‍ദ്ധ ഉണ്ടായേക്കാവുന്ന ഇത്തരം സമരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനെ സംബന്ധിച്ചാണ് സിബിഎസ്ഇ വിശദീകരണം തേടിയത്. പഠനത്തിനൊപ്പം സാമൂഹ്യ പ്രതിബദ്ധത എന്ന മുദ്രാവാക്യവുമായി പ്രവര്‍ത്തിക്കുന്ന സല്‍സബീല്‍ സ്‌കൂളിലെ കുട്ടികള്‍ വര്‍ഷങ്ങളായി നര്‍മദ അടക്കമുള്ള ജനകീയ സമരമുഖങ്ങളിലെ സജീവ സാന്നിധ്യമാണ്.

കേരളത്തിലെ നിരവധി ജനകീയ സമരങ്ങളില്‍ ഇവിടത്തെ കുട്ടികള്‍ പങ്കാളികളായിട്ടുണ്ട്. അതിനിടെയാണ് കന്യാസ്ത്രീ സമരത്തിലെ പങ്കാളിത്തം പ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടി സിബിഎസ്ഇ വിശദീകരണം ചോദിച്ചത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ പ്രതിനിധീകരിച്ച് ഡിഇഒയും സ്‌കൂളിലെത്തി വിശദീകരണം ചോദിച്ചിരുന്നതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. 

ഒമ്പതും പത്തും ക്ലാസ്സുകളിലെ കുട്ടികളാണ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഞായറാഴ്ച പന്തലില്‍ ചെന്നത്. കുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് സമരത്തില്‍ പങ്കെടുത്തതെന്ന് സിബിഎസ്ഇക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയതായി പ്രിന്‍സിപ്പല്‍ സൈനബ ടീച്ചര്‍ പറഞ്ഞു.  

സമരം ചെയ്യിക്കാനല്ല കുട്ടികളെ ജനകീയ സമര വേദികളില്‍ കൊണ്ടുപോകുന്നതെന്ന് അധികൃതര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ സല്‍സബീല്‍ സ്‌കൂള്‍ വ്യക്തമാക്കി. സമൂഹത്തില്‍ നടക്കുന്ന യഥാര്‍ത്ഥ  പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനാണ് കുട്ടികളെ സമരസ്ഥലങ്ങളില്‍ കൊണ്ടുപോകുന്നത്. മനുഷ്യ കുട്ടികളായി വളര്‍ത്തുന്നതിനാണ് ഇത്. ജനാധിപത്യരാജ്യത്തെ പൗരന്‍മാരായി വളരേണ്ട കുട്ടികള്‍ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. സമൂഹ്യബോധമുള്ള കുട്ടികളായി വളരണം. ഏതെങ്കിലും ഒരു മതത്തിനെതിരേയോ സമരം ചെയ്യുന്നതിനോ ഒന്നുമല്ല കുട്ടികള്‍ പോയതെന്നും വിശദീകരണത്തില്‍ പറയുന്നു. 

ഇതിനു പിന്നാലെ ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതി അന്വേഷിക്കുന്നതിനായി ഡിഇഒ സ്‌കൂള്‍ സന്ദര്‍ശിച്ചതായും പ്രിന്‍സിപ്പല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. സമരത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ വളരെ പ്രകോപനപരമായ രീതിയിലായിരുന്നു ഡിഇഒയുടെ സമീപനം. 25 കൊല്ലമായി കുട്ടികളുമായി സമരങ്ങളില്‍ പങ്കെടുക്കാന്‍ പോകാന്‍ തുടങ്ങിയിട്ട്. പ്ലാച്ചിമടയില്‍ സമരം നടക്കുന്ന സമയത്ത് ദേശ് ബനാവോ, ദേശ് ബച്ചാവോ എന്ന പേരില്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തിലുടനീളം ഒരു വണ്ടി നിറയെ കുട്ടികളുമായി ഒരുമാസം സഞ്ചരിച്ചിരുന്നു. അന്നൊന്നും ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല-പ്രിന്‍സിപ്പല്‍ പറഞ്ഞു. 

'സാധാരണ സിബിഎസ്ഇ സ്‌കൂള്‍ എന്നാല്‍പണം കൊയ്യാനുള്ള സ്ഥാപനമാണ്. എന്നാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ പ്രാവശ്യവും ഓരോ മാസവും കൈയ്യിലുള്ളത് മുഴുവന്‍ ഇറക്കിയിട്ടാണ് കുട്ടികളെ പഠിപ്പിക്കുകയും മറ്റ് കാര്യങ്ങളൊക്കെ ചെയ്യുന്നത്. ഇനി സമൂഹത്തിന് ഇതൊന്നും ആവശ്യമില്ലെങ്കില്‍ നമ്മള്‍ സ്‌കൂള്‍ അടച്ചു പൂട്ടാം. നടപടി എടുക്കുന്നുണ്ടെങ്കിലും അടച്ചു പൂട്ടാനല്ലെ പറയൂ'- സൈനബ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. 

നിരവധി ജനകീയ സമരങ്ങളില്‍ പതിറ്റാണ്ടുകളായി പങ്കെടുക്കുകയും പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന സ്ഥാപനമാണ് സല്‍സബീല്‍ സ്‌കൂള്‍. കഴിഞ്ഞ വര്‍ഷം നര്‍മ്മദാ പ്രക്ഷോഭത്തിന്റെ ഭാഗമായി മേധാപട്കറുടെ നേതൃത്വത്തില്‍ ആരംഭിച്ച 'റാലി ഫോര്‍ വാലി യാത്രയില്‍ സല്‍സബീല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. റാലിക്ക് നേരെ ഗുജറാത്ത് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സ്‌കൂളിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. നര്‍മ്മദാ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതിന് പുറമേ കീഴാറ്റൂരിലെ വയല്‍ക്കിളിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിലും കുട്ടികള്‍ പങ്കെടുത്തിരുന്നു.  

പീഡനകേസില്‍ കുറ്റാരോപിതനായ ഫാദര്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സെപ്തംബര്‍ 8 കന്യാസ്ത്രീകള്‍ കൊച്ചിയില്‍ സമരം സംഘടിപ്പിച്ചത്. മിഷണറീസ് ഓഫ് ജീസസ് സഭാംഗമായ കന്യാസ്ത്രീയാണ് ജലന്ധര്‍ രൂപത മുന്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗീക പീഡന പരാതി നല്‍കിയത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 13 തവണ കുറുവിലങ്ങാട് മഠത്തില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

click me!