തമിഴ്നാട്ടിൽ മോദിയ്ക്കെതിരെ നടന്ന പ്രതിഷേധം രാജ്യത്തിന്റെ വികാരമാണെന്ന് ചന്ദ്രബാബു നായിഡു

By Web TeamFirst Published Jan 28, 2019, 9:25 PM IST
Highlights

''തമിഴ്നാടിനെ അപേക്ഷിച്ച് കേന്ദ്രം ആന്ധ്രയോട് കാണിച്ചത് കടുത്ത അനീതിയാണ്. മോദിയും അമിത്ഷായും ആന്ധ്രയിലേക്ക് വന്നാൽ അവർക്ക് നേരിടേണ്ടി വരുന്നത് കടുത്ത പ്രതിഷേധമായിരിക്കും. ബിജെപിയെ ഇല്ലാതാക്കാൻ നമ്മൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കണം.'' ചന്ദ്രബാബു നായിഡു പറയുന്നു.
 


ഹൈദരാബാദ്: തമിഴ്ജനത പ്രധാനമന്ത്രിക്കെതിരെ പ്രകടിപ്പിച്ച പ്രതിഷേധം രാജ്യത്തിന്റെ വികാരമാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മധുരയിൽ ബിജെപിയ്ക്കും മോദിയ്ക്കും എതിരെ ഉയർന്ന പ്രതിഷേധം രാജ്യത്തിന്റെ വികാരത്തെയാണ് പ്രകടിപ്പിക്കുന്നത്. തമിഴ്നാടിനെ അപേക്ഷിച്ച് കേന്ദ്രം ആന്ധ്രയോട് കാണിച്ചത് കടുത്ത അനീതിയാണെന്നും മോദിയും അമിത്ഷായും ആന്ധ്രയിലേക്ക് വന്നാൽ അവർക്ക് നേരിടേണ്ടി വരുന്നത് കടുത്ത പ്രതിഷേധമായിരിക്കുമെന്നും ചന്ദ്രബാബുനായിഡു പറഞ്ഞു. ബിജെപിയെ ഇല്ലാതാക്കാൻ നമ്മൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്നും ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്തു. 

തമിഴ് ജനതയെ വഞ്ചിക്കുകയാണ് മോദി ചെയ്തത് എന്ന് എംഡിഎംകെ നേതാവ് വൈക്കോയും ആരോപിച്ചു. എംഡിഎംകെയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാൽ വൈക്കോ സ്വന്തം പ്രശസ്തിക്ക് വേണ്ടിയാണ് പ്രതിഷേധം നടത്തിയതെന്നായിരുന്നു ബിജെപിയുടെ ആരോപണം. പ്രധാനമന്ത്രിക്കെതിരെ നടത്തിയ പ്രതിഷേധത്തിന് അദ്ദേഹത്തിന്റെ പ്രതി‍ച്ഛായയ്ക്ക് മങ്ങലേൽപിക്കാൻ സാധിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ അഭിപ്രായം. 

മോദിയുടെ തമിഴ്നാട് സന്ദർശനത്തിനെതിരെ  ​ഗോ ബാക്ക് മോദി ക്യാംപെയിൻ സംഘടിപ്പിച്ചായിരുന്നു തമിഴ്ജനത അവരുടെ പ്രതിഷേധം പ്രകടിപ്പിച്ചത്. മോദിയുടെ തമിഴ്നാട് സന്ദർശനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ക്യാംപെയിന് പുറമെ കറുത്ത ബലൂണുകളുമായാണ് തമിഴ്നാട്ടുകാർ മോദിക്കെതിരെ പ്രതിഷേധവുമായെത്തിയത്. ​ഗജ ചുഴലിക്കാറ്റിൽ ദുരിതം നേരിട്ട ജനങ്ങളെ മോദി അവ​ഗണിച്ചെന്നായിരുന്നു ആരോപണം. 

click me!