Latest Videos

കർഷക വായ്പകൾ എഴുതിത്തള്ളാനൊരുങ്ങി ഛത്തീസ്​ഗഡിൽ ഭൂപേഷ് സർക്കാർ

By Web TeamFirst Published Dec 18, 2018, 1:19 PM IST
Highlights

കാർഷിക വായ്പകൾ എത്രയും പെട്ടെന്ന് എഴുതിത്തള്ളും, ചോളത്തിന് പരമാവധി താങ്ങുവില നൽകും, 2013 ലെ ജീറാം ഖട്ടി മാവോയിസ്റ്റ് ആക്രമണത്തിൽ അന്വേഷണം പ്രഖ്യാപിക്കും എന്നിവയാണ് ആദ്യ സമ്മേളനത്തിൽ ഭൂപേഷ് സർക്കാർ പാസ്സാക്കിയ തീരുമാനങ്ങൾ

ഛത്തീസ്​ഗഡ്: അധികാരത്തിലേറി പ‌ത്ത് ദിവസത്തിനുള്ളിൽ കർഷക വായ്പ എഴുതിത്തള്ളുമെന്നായിരുന്നു കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനം. എന്നാൽ മധ്യപ്രദേശിൽ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രി കമൽനാഥ് ആദ്യം ഒപ്പിട്ടത് കർഷകവായ്പകൾ എഴുതിത്തള്ളാനുള്ള ഫ‌യലിലാണ്. ഇതേ പാത പിന്തുടരാൻ തീരുമാനിച്ചിരിക്കുകയാണ് ഛത്തീസ്​ഗഡിൽ ഭൂപേഷ് ബാ​ഗൽ സർക്കാരും. 

സത്യപ്രതിജ്ഞയ്ക്ക് ശേഷം ഒന്നാം ദിവസം പ്രധാനമായും മൂന്ന് വിഷയങ്ങളിലാണ് ഛത്തീസ്​ഗഡ് സർക്കാർ പ്രഖ്യാപനം നടത്തിയത്. കാർഷിക വായ്പകൾ എത്രയും പെട്ടെന്ന് എഴുതിത്തള്ളും, ചോളത്തിന് പരമാവധി താങ്ങുവില നൽകും, 2013 ലെ ജീറാം ഖട്ടി മാവോയിസ്റ്റ് ആക്രമണത്തിൽ അന്വേഷണം പ്രഖ്യാപിക്കും എന്നിവയാണ് ആദ്യ സമ്മേളനത്തിൽ ഭൂപേഷ് സർക്കാർ പാസ്സാക്കിയ തീരുമാനങ്ങൾ. ചോളത്തിന് ഏറ്റവും കുറഞ്ഞ താങ്ങുവിലയായ 1700 രൂപ മുതൽ 2500 രൂപ വരെ പ്രഖ്യാപിക്കാനാണ് സർക്കാർ പദ്ധതി. 

2013 ലാണ് ജീറാം ഖട്ടി മാവോയിസ്റ്റ് ആക്രമണം നടന്നത്. മുൻ ഛത്തീസ്​ഗഡ് മന്ത്രിയായിരുന്ന മഹേന്ദ്ര കർമ്മ, കോൺ​ഗ്രസ് നേതാവ് നന്ദകുമാർ പട്ടേൽ എന്നിവരുൾപ്പെടെ 29 പേരാണ് ഈ നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആരൊക്കെയാണ് ഈ അക്രമത്തിന് പിന്നിലെന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല. രാഷ്ട്രീയ വംശഹത്യ എന്ന് ഈ സംഭവം ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ്. രാഷ്ട്രീയ ​ഗൂഢാലോചനയുടെ ഭാ​ഗമായിരുന്നു ഈ സംഭവം എന്നാണ് ഭൂപേഷ് ബാ​ഗൽ അഭിപ്രായപ്പെടുന്നത്. നക്സലൈറ്റുകളിൽ നിന്ന് ഛത്തീസ്​ഗഡിനെ മോചിപ്പിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു. 

click me!