അയഞ്ഞ് ചെന്നിത്തല, വി ഡി സതീശന് ആശംസകൾ നേർന്നു; മന്ത്രിസഭയിൽ ആരു വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയെന്ന് പ്രതികരണം

Published : May 15, 2026, 04:32 AM IST
chennithala reacts after vd satheesan named kerala chief minister

Synopsis

ഗുരുവായൂരെത്തി നിർമാല്യം തൊഴുത് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെയാണ് ചെന്നിത്തല ഗുരുവായൂരിലെത്തിയത്

തൃശൂർ: ഗുരുവായൂരെത്തി നിർമാല്യം തൊഴുത് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെയാണ് ചെന്നിത്തല ഗുരുവായൂരിലെത്തിയത്. മടങ്ങുമ്പോൾ, മന്ത്രിസഭയിൽ ആരു വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പ്രതികരിച്ച ചെന്നിത്തല വി ഡി സതീശന് ആശംസകൾ നേർന്നു. പത്തു വർഷത്തെ ഇടതു ദുർഭരണത്തിൽ നിന്ന് മോചിപ്പിക്കുന്നതിനാണ് ജനവിധിയെന്നും യുഡിഎഫ് പ്രവർത്തകർ സതീശനൊപ്പമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ഗുരുവായൂരിൽ നിർമാല്യ ദർശനത്തിന് ഇറങ്ങുമ്പോഴായിരുന്നു പ്രതികരണം. ദർശനത്തിന് ശേഷം ട്രെയിൻ മാർഗം അദ്ദേഹം തിരുവനന്തുപുരത്തേക്ക് മടങ്ങി.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തഴഞ്ഞതോടെ കടുത്ത അമർഷത്തിലായിരുന്നു രമേശ് ചെന്നിത്തല. സിഎൽപി യോഗത്തിൽ പങ്കെടുക്കാതെയാണ് ചെന്നിത്തല ഗുരുവായൂരിലേക്ക് പോയിരുന്നത്. മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടിൽ ചെന്നിത്തല ഉറച്ചു നിൽക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. തീരുമാനത്തിൽ അയവുവരാനുള്ള സാധ്യത നിലവിലുണ്ട്. സീനിയോറിറ്റി പരിഗണിക്കാതെ മുഖ്യമന്ത്രിയെ തീരുമാനിച്ചു എന്നാണ് ചെന്നിത്തലയുടെ പരാതി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് പോവുകയായിരുന്നു. കാത്തു നിന്ന അണികളെയോ പ്രതികരണം തേടാൻ എത്തിയ മാധ്യമങ്ങളെയോ കാണാതെ വീടിന്‍റെ പിൻഭാഗത്തു കൂടിയാണ് അദ്ദേഹം പോയത്.

മലയാള മാസം ഒന്നായതിനാൽ പതിവു ക്ഷേത്ര ദർശനം എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. 40 വർഷം മുൻപ് ചെന്നിത്തല മന്ത്രിയാകുമ്പോൾ കെഎസ്‍യു നേതാവായിരുന്നു വി ഡി സതീശൻ . പുതിയ മന്ത്രിസഭയിൽ വെറുമൊരു മന്ത്രിയായിരിക്കാൻ താൻ തയ്യാറല്ല എന്നാണ് ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. വിശ്വസ്തരെ മന്ത്രിസഭയിലേക്ക് നിർദേശിക്കാനും നീക്കമുണ്ട്. സിഎൽപി യോഗത്തിൽ പങ്കെടുക്കാതെ പിന്തുണക്കത്ത് നൽകി മാറി നിൽക്കുകയാണ് ചെന്നിത്തല ചെയ്തത്.

എന്നാൽ, രമേശ് ചെന്നിത്തലയുമായി സംസാരിക്കുമെന്ന് ദീപാ ദാസ് മുൻഷി പറഞ്ഞു. എല്ലാവരും ഒന്നിച്ച് നിൽക്കും. എംഎൽഎമാർ ഹൈക്കമാൻഡിനെ ചുമതലയേൽപ്പിക്കുകയാണ് ചെയ്തതെന്നും മന്ത്രിസഭാ രൂപീകരണത്തിൽ ഘടക കക്ഷികളുമായി സംസാരിക്കുമെന്നും അവർ പറഞ്ഞു. കെ സി വേണുഗോപാലിന് ഇനിയും സമയമുണ്ട്. വേണു സന്തുഷ്ടനാണെന്നും നിരാശയില്ലെന്നും മുകളിലേക്ക് പോകാൻ ഇനിയും സമയമുണ്ടെന്നും അവർ വ്യക്തമാക്കി. കെ സി വേണുഗോപാലിന് യാതൊരുവിധ മാനസിക വ്യഥയുമില്ലെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സര്‍വയിടങ്ങളിലും ഇഴഞ്ഞെത്തുന്നു; ഭീഷണിയായി കോഴിക്കോട് ആഫ്രിക്കന്‍ ഒച്ചിന്റെ സാനിധ്യം
വടി വെച്ച് താങ്ങി നിര്‍ത്തി മികച്ച 'പരിചരണം'; കുറ്റിക്കാട് നിറഞ്ഞ സ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തിയത് നാട്ടുകാര്‍