ഛത്തീസ്ഗഡിലും വാ​ഗ്ദാനം നിറവേറ്റാൻ കോൺ​ഗ്രസ്; പത്ത് ദിവസത്തിനുള്ളിൽ കാർഷിക കടം എഴുതിതള്ളുമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Dec 18, 2018, 9:39 AM IST
Highlights

നേരത്തെ ജനങ്ങളുടെ ആ​ഗ്രഹത്തിനും പ്രതീക്ഷകൾക്കും ഒപ്പം നിന്ന് പ്രവർത്തിക്കുന്ന ഒരു സർക്കാരായിരിക്കും ഛത്തീസ്​ഗഡിലേതെന്ന് ഭൂപേഷ് ബാഗൽ പറഞ്ഞിരുന്നു.
 

റായ്പൂർ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ ജനങ്ങൾക്ക് നൽകിയ വാ​ഗ്ദാനങ്ങൾ നിറവേറ്റി കോൺ​ഗ്രസ്. മധ്യപ്രദേശിന് പിന്നാലെ ചത്തീസ്​ഗഡിലെയും കാർഷിക കടങ്ങൾ എഴുതിതള്ളാനാണ് കോൺ​ഗ്രസിന്റെ നീക്കം. പത്ത് ദിവസത്തിനകം സംസ്ഥാനത്തെ കാർഷകരുടെ കടങ്ങൾ എഴുതിതള്ളുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അറിയിച്ചു. സത്യപ്രതിജ്ഞക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അവതരിപ്പിച്ചത്.

കാർഷിക ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിട്ടുള്ള താങ്ങുവില ക്വിന്റലിന് 1700ല്‍ നിന്ന് 2500 രൂപയായി ഉയര്‍ത്താൻ തിരുമാനിച്ചതായും ഭൂപേഷ് വ്യക്തമാക്കി. പതിനാറ് ലക്ഷം വരെയുള്ള കടങ്ങൾ എഴുതിതള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ജനങ്ങളുടെ ആ​ഗ്രഹത്തിനും പ്രതീക്ഷകൾക്കും ഒപ്പം നിന്ന് പ്രവർത്തിക്കുന്ന ഒരു സർക്കാരായിരിക്കും ഛത്തീസ്​ഗഡിലേതെന്ന് ഭൂപേഷ് ബാഗൽ പറഞ്ഞിരുന്നു.

രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് പ്രഖ്യാപിച്ചിരുന്നു. 2018 മാര്‍ച്ച് 31 ന് മുമ്പ് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും സഹകരണബാങ്കില്‍ നിന്നും എടുത്ത കടങ്ങളാണ് എഴുതിതള്ളിയത്. അധികാരമേറ്റ് രണ്ട് മണിക്കൂറിനകമായിരുന്നു കമല്‍നാഥിന്റെ പ്രഖ്യാപനം.

അതേ സമയം കമല്‍നാഥ് സര്‍ക്കാരിന്റെ നടപടിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് രാഹുൽ അഭിനന്ദനം അറിയിച്ചത്. ''മധ്യപ്രദേശിൽ മുഖ്യമന്ത്രി കാർഷിക വായ്പകൾ എഴുതിത്തള്ളി. ഒന്ന് പൂര്‍ത്തിയായി, അടുത്തത് വരാനിരിക്കുന്നു.'' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. അധികാരം ലഭിച്ചാൽ പത്ത് ദിവസത്തിനുള്ളിൽ കാർഷിക വായ്പകൾ എഴുതിത്തള്ളാമെന്നായിരുന്നു കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനം.
 

click me!