
സംസ്ഥാനത്ത് പകർച്ചപ്പനി മരണത്തിന് ശമനമില്ല. പതിനാലുവയസ്സുകാരൻ അടക്കം ഇന്ന് മൂന്ന് പേർ മരിച്ചു. പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ മറ്റന്നാൾ സര്‍വ്വ കക്ഷി യോഗം വിളിച്ചു.
പനിക്കെതിരെ ശുചീകരണപ്രവർത്തനങ്ങൾക്ക് രാഷ്‍ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി ഇറങ്ങാനാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. ഭരണപക്ഷവും പ്രതിപക്ഷവും ശുചീകരണ യജ്ഞം തുടരുന്നുണ്ടെങ്കിലും പനിമരണങ്ങൾ അവസാനിക്കുന്നില്ല. ഇന്ന് മാത്രം മരിച്ചത് മൂന്ന് പേർ. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പതിനാലു വയസ്സുകാരൻ അഭിയും വർക്കല സ്വദേശി മുഹമ്മദ് സാദിഖും പനി ബാധിച്ചു മരിച്ചു. എറണാകുളത്ത് സുബൈറ അഷറഫ് എന്ന സ്ത്രീയും മരിച്ചു.
പടരുന്ന പനി മന്ത്രിസഭാ യോഗം പ്രത്യേകം ചർച്ച ചെയ്തു. മഴക്കാല പൂര്‍വ്വ ശുചീകരണം കാര്യക്ഷമമായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാതലങ്ങളിൽ മന്ത്രിതല സമിതിയും മണ്ഡലാടിസ്ഥാനത്തിൽ എംഎൽഎമാരും പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കും. 27,28, 29 തീയതികളിൽ സംസ്ഥാന വ്യാപകമായി ശുചീകരണ യജ്ഞം നടത്തും. പനി പ്രതിരോധത്തിന് പണം തടസ്സമാകില്ല.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ ജീവനക്കാരുടെ കുറവു നികത്താൻ അടിയന്തര നടപടി ഉണ്ടാകും. മാലിന്യ സംസ്കരണത്തിന് ഫലപ്രദമായ സ്ഥിരം സംവിധാനങ്ങൾ ഒരുക്കുന്ന കാര്യം പ്രത്യേകം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam