സംസ്ഥാനത്ത് പുതിയ ഒൻപത് പൊലീസ് സ്റ്റേഷനുകൾ; മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

By Web TeamFirst Published Aug 13, 2018, 8:33 AM IST
Highlights

കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കംപ്യൂട്ടർവത്കൃത പൊലീസ് സ്റ്റേഷനായ തിരുവനന്തപുരം റൂറൽ ജില്ലയിലെ ​ന​ഗരൂർ പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനമായിരിക്കും ആദ്യം നിർവ്വഹിക്കുക. അതിന് ശേഷം വീഡിയോ കോൺഫറൻസിം​ഗിലൂടെ ആയിരിക്കും മറ്റ് പതിനൊന്ന് പൊലീസ് സ്റ്റേഷനുകളുടെയും ഉദ്ഘാടനം. 
 

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി ആരംഭിക്കുന്ന ഒൻപത് പൊലീസ് സ്റ്റേഷനുകളുടെയും മൂന്ന് പൊലീസ് സ്റ്റേഷൻ മന്ദിരങ്ങളുടെയും ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കംപ്യൂട്ടർവത്കൃത പൊലീസ് സ്റ്റേഷനായ തിരുവനന്തപുരം റൂറൽ ജില്ലയിലെ ​ന​ഗരൂർ പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനമായിരിക്കും ആദ്യം നിർവ്വഹിക്കുക. അതിന് ശേഷം വീഡിയോ കോൺഫറൻസിം​ഗിലൂടെ ആയിരിക്കും മറ്റ് പതിനൊന്ന് പൊലീസ് സ്റ്റേഷനുകളുടെയും ഉദ്ഘാടനം.

കൊല്ലം ജില്ലയിലെ അച്ചന്‍കോവില്‍, തൃശൂര്‍ ജില്ലയിലെ കയ്പമംഗലം, പാലക്കാട് ജില്ലയിലെ കൊപ്പം, വയനാട് ജില്ലയിലെ തൊണ്ടര്‍നാട് എന്നീ ലോക്കല്‍ പോലീസ് സ്റ്റേഷനുകളും തിരുവനന്തപുരം റൂറല്‍ ജില്ലയിലെ പൂവാര്‍, അഞ്ചുതെങ്ങ്, കോഴിക്കോട് ജില്ലയിലെ വടകര, ഏലത്തൂര്‍ എന്നീ തീരദേശ പോലീസ് സ്റ്റേഷനുകളും കണ്ണൂര്‍ ജില്ലയിലെ ന്യൂ മാഹി, പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം, ആലപ്പുഴ ജില്ലയിലെ കുറത്തിക്കാട് എന്നീ പോലീസ് സ്റ്റേഷന്‍ മന്ദിരങ്ങളുമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ആധുനിക സാങ്കേതികത ഉപയോ​ഗിച്ച് കേരള പൊലീസ് സേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായിട്ടാണിത്.

നവമാധ്യമരം​ഗത്തും കേരളപൊലീസ് അത്ഭുതപ്പെടുത്തുന്ന മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ നേടി രാജ്യത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കേരള പൊലീസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജാണ്. 6.46 ലക്ഷം പേ‍ർ പിന്തുടരുന്ന ബെംഗളൂരു ട്രാഫിക് പൊലീസിന്‍റെ പേജിനെ മറികടന്നാണ് കേരള പൊലീസ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 6.26 ആണ് ബം​ഗളൂരു പൊലീസിന്റെ പേജ് ലൈക്ക്. എന്നാൽ 6.28 ആണ് കേരള പൊലീസ് നേടിയിരിക്കുന്നത്. ട്രോൾ രീതിയിൽ പൊതുജനങ്ങളുമായി കൂടുതൽ അടുത്തിടപെഴകുക എന്ന നയമാണ് പ്രധാനമായും ഈ പേജിലൂടെ കേരള പൊലീസ് സ്വീകരിച്ചത്. അത് വിജയത്തിലെത്തുകയും ചെയ്തിരുന്നു.
 

click me!